കൊല്ലം: അഷ്ടമുടി കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട കേസിലെ നടപടികൾ വൈകുന്നതിൽ ഹൈകോടതിക്ക് അതൃപ്തി. വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും നടപടികൾ വേഗത്തിലാക്കാനും എല്ലാ എതിർകക്ഷികളുടെയും സംയുക്തയോഗം വിളിച്ചുകൂട്ടി ഫയൽ ചെയ്യണമെന്ന് ഹൈകോടതി.
കഴിഞ്ഞ അവധിയിൽ നിർദേശിച്ച പ്രകാരമുള്ള റിപ്പോർട്ട് വ്യാഴാഴ്ച രാവിലെ മാത്രം ഫയൽ ചെയ്തതിൽ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും ആണ് യോഗം വിളിച്ചുകൂട്ടി റിപ്പോർട്ട് ഫയൽ ചെയ്യേണ്ടിയിരുന്നത്. ഫെബ്രുവരി അഞ്ചിന് കോടതി ഉത്തരവ് നൽകിയെങ്കിലും 17ന് മാത്രമാണ് യോഗം ചേർന്നത്. ഹരജി കക്ഷികളായ ബോറിസ് പോൾ, ഹെൽപ് ഫൗണ്ടേഷൻ എന്നിവർ കോടതി നിർദേശ പ്രകാരം ഫയൽ ചെയ്ത വിശദമായ പത്രികയിൽ വിവിധ വകുപ്പുകൾ കായൽ സംരക്ഷണത്തിനായി ഉടനെ നടപ്പിലാക്കേണ്ട കാര്യങ്ങളും അതിനായി കോടതി നൽകേണ്ടതായ നിർദേശങ്ങളും വിവരിച്ചിട്ടുണ്ട്.
ഹരജി കക്ഷികൾ കോടതിയിൽ സമർപ്പിച്ച പത്രികയിലെ നിർദേശങ്ങൾ ചർച്ച ചെയ്യാനും അവ എന്തുകൊണ്ട് നടപ്പാക്കിക്കൂടാ എന്നതിൽ വ്യക്തമായ തീരുമാനങ്ങൾ എടുത്തു റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവായി. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും പരിസ്ഥിതി വകുപ്പ് സെക്രട്ടറിയും ഉടനെ കേസിലെ എതിർകക്ഷികളായ കൊല്ലം കോർപറേഷൻ, 12 ഗ്രാമ പഞ്ചായത്തുകൾ, കൊല്ലം കലക്ടർ ഉൾപ്പെടെ വിവിധ സർക്കാർ ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകൾ എന്നിവരുടെ സംയുക്ത യോഗം ഉടൻ നടത്തണമെന്നും റിപ്പോർട്ട് ഉടനെ സമർപ്പിക്കണമെന്നും കോടതി ഉത്തരവായി. മാർച്ച് നാലിന് കേസ് വീണ്ടും പരിഗണിക്കും. ഹരജികക്ഷികൾക്കു വേണ്ടി അഭിഭാഷകരായ അജ്മൽ എ. കരുനാഗപ്പള്ളി, സി.എ. ധനുഷ്, എം.ആർ. പ്രിയങ്ക ശർമ്മ, എം.ജി. അനന്യ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.