കടയ്ക്കൽ: 400 കിലോയോളം റബ്ബർ ഷീറ്റ് മോഷ്ടിച്ചു കൊണ്ടുപോകവേ ഓട്ടോറിക്ഷ കേടായി വഴിയിലായി. സംശയം തോന്നിയ നാട്ടുകാർ ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കടയ്ക്കൽ വയ്യാനം വട്ടത്രാമല നസീമയുടെ റബ്ബർ ഷീറ്റാണ് മോഷ്ടിച്ചത്. പുനലൂർ കോട്ടവട്ടം സ്വദേശി രതീഷ്കുമാർ (30), വെട്ടിക്കവല സ്വദേശി സുനിൽകുമാർ (38) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയിൽ കടയ്ക്കൽ വയ്യാനം വട്ടത്രാമലയിൽ രതീഷിന്റെ ഓട്ടോയിലെത്തിയ മോഷ്ടാക്കൾ റബ്ബർ എസ്റ്റേറ്റിൽ ഉണ്ടായിരുന്ന വീടിന്റെ ജനൽ പാളി പൊളിച്ച്, പുകപ്പുരയുടെ ഭിത്തി തുരന്ന് കയറി വീടിന്റെ കതക് പൊളിച്ചാണ് മോഷണം നടത്തിയത്. കാടുവെട്ട് യന്ത്രവും കൈക്കലാക്കി.
ചടയമംഗലം പോരേടം റൂട്ടിൽ ആക്കൽ ഭാഗത്ത് വച്ച് ഓട്ടോ കേടായതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ പോരേടം ജങ്ഷനിൽ നിന്ന് റബ്ബർ ഷീറ്റ് മറ്റൊരു ഓട്ടോയിൽ കയറ്റി 37,000 രൂപക്ക് വിറ്റു. സംശയം തോന്നിയ നാട്ടുകാർ കേടായ ഓട്ടോറിക്ഷക്ക് സമീപം സംഘടിക്കുകയും ഇരുവരെയും പിടികൂടി ചടയമംഗലം പൊലീസിന് കൈമാറി. ചടയമംഗലം പൊലീസ് ഇവരുടെ പക്കൽ നിന്ന് 37,000രൂപ കണ്ടെടുത്തു. തുടർന്ന് കടയ്ക്കൽ പൊലീസിന് കൈമാറി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.