ഗ്രാമം നാടകവേദിയുടെ ചന്ദനം പൂത്ത കാലത്തിന്റെ പോസ്റ്റർ
ശാസ്താംകോട്ട: ഒരു മാസം നീളുന്ന പരിശീലനത്തിലൂടെ ഒരു നാടകം അരങ്ങേറുന്നു. അരങ്ങിലും അണിയറയിലും സദസ്സിലുമെല്ലാം ദേശക്കാരാണെന്നതാണ് സവിശേഷത. കൂടെ നടന്നവരുടെ വേദിയിലെ പകർന്നാട്ടം കാണാൻ ആൾക്കൂട്ടമെത്തും. വടക്കൻ മൈനാഗപ്പള്ളി പാട്ടുപുരക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിലെ രണ്ടാം ഉത്സവത്തോടനുബന്ധിച്ചാണ് നാടകം അരങ്ങേറുന്നത്.
ഈ മാസം 28നാണത്. ഇത്തിരി പ്രഫഷനലായിത്തന്നെയാണ് നാടകം അരങ്ങിലെത്തിക്കുന്നതെന്ന് അണിയറപ്രവർത്തകർ. ഇന്നും ഇന്നലെയുമല്ല, കൊല്ലം ഒമ്പതായി ഈ രീതിയിൽ നാടകം ചിട്ടപ്പെടുത്താൻ തുടങ്ങിയിട്ട്. നാടകം അഭിനയം മാത്രമല്ല ജീവിതംകൂടിയാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം കലാകാരന്മാരാണ് ഇതിനുപിന്നിൽ. എഴുത്തിലും സംവിധാനത്തിലും അഭിനയത്തിലും നാടിന്‍റെ കയ്യൊപ്പ് ചാർത്തിയ ഗ്രാമം നാടകവേദിയുടെ കീഴിലാണ് നാടക പരിശീലനം നടന്നത്.
‘ചന്ദനം പൂത്തകാലം’ ആണ് ഇക്കുറി വേദിയിൽ എത്തിക്കുന്ന നാടകം. പി.കെ. അമ്മണൻ എന്ന നാടക പ്രതിഭയുടെ 27ാമത് രചനയാണിത്. രണ്ടു തലമുറകളെ നാടകത്തിലേക്ക് കൈപിടിച്ചാനയിച്ച ഒരു സാധാരണക്കാരൻ. സ്കൂൾ അധ്യാപകനായ ലാൽ അഞ്ചുവിളയാണ് സംവിധായകവേഷം അണിയുന്നത്. പ്രഫഷനൽ നടീനടന്മാർ ആരുമില്ല.
പുതുമുഖങ്ങൾ വേണ്ടുവോളമുണ്ട്. ഗാനങ്ങൾ എഴുതിയ സുഭാഷ് വൈശാഖം നാടകത്തിൽ അഭിനേതാവുമാണ്. മധു മാതൃഭവനം, മ്യൂസിക് ഓപറേറ്റർ അജിത് അഞ്ചുവിള, കഥാപാത്രങ്ങളായി ബിജു പനങ്ങാട്, ലാൽ അഞ്ചുവിള, വിജോഷ് ഹക്കീം. സ്കൂൾ അധ്യാപകൻ മനാഫ്, സോനു കൃഷ്ണൻ, ശിവപ്രസാദ്, അമ്പിളി, വിജയലക്ഷ്മി, പ്രതിഭ, ശ്രീകല, വിദ്യാർഥിനികളായ ശ്രീബാല, അൻവിക തുടങ്ങിയവർ വേദിയിലും അണിയറയിലുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.