അറസ്റ്റിലായ അജ്മൽ, കഴിഞ്ഞ ദിവസം മരിച്ച ബീവിയമ്മ

വയോധികയുടെ മരണം: ചെറുമകൻ അറസ്റ്റിൽ

പത്തനാപുരം: പുന്നലയിൽ വയോധികയുടെ മരണവുമായി ബന്ധപ്പെട്ട് ചെറുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നല മുമ്മൂല പുത്തൻവീട്ടിൽ പരേതനായ തങ്കപ്പ റാവുത്തറുടെ ഭാര്യ ബീവിയമ്മയാണ് (78) മരിച്ചത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരുടെ മകളുടെ മകൻ അജ്മലിന്‍റെ (28) അറസ്റ്റ് രേഖപ്പെടുത്തി. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്.

ബീവിയമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് ബീവിയമ്മ വീടിനുള്ളിൽ അബോധാവസ്ഥയിൽ വീണതായി ബന്ധുക്കൾ പറയുന്നത്. എന്നാൽ, ഇതേ സമയം വീട്ടിൽനിന്ന് നിലവിളി കേട്ടിരുന്നതായി നാട്ടുകാരും പറയുന്നു.

തുടർന്ന് ബീവിയമ്മയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബീവിയമ്മ മരിച്ചിരുന്നു. തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചത് ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ പിന്നീട് പത്തനാപുരം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പരാതി ഉയർന്നതിനെ തുടർന്ന് മൃതദേഹം പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്കരിച്ചിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.

അജ്മൽ ബീവിയമ്മയെ പിടിച്ചു തള്ളിയപ്പോൾ തലയിടിച്ച് തറയിൽ വീണതാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസ് അനുമാനം. മകൾക്കൊപ്പം താമസിച്ചുവരുകയായിരുന്ന ബീവിയമ്മ മുമ്പും വീട്ടിൽ പീഡനങ്ങൾ അനുഭവിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. 

Tags:    
News Summary - Elderly woman's death: Grandson arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.