കൊല്ലം: ഹെപ്പറ്റൈറ്റിസ് രോഗങ്ങൾ പിടിമുറുക്കുമ്പോൾ ജാഗ്രത അതിപ്രധാനമെന്ന് ഓർമിപ്പിക്കുകയാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കഴിഞ്ഞവർഷം ഈ സമയത്തെ കണക്കുകൾ നോക്കുമ്പോഴും ഹെപ്പറ്റൈറ്റിസ് രോഗബാധയിൽ ആശങ്കപ്പെടേണ്ട സ്ഥിതി ജില്ലയിലില്ല. ഈ വർഷം ഇതുവരെ 31 പേർക്കാണ് ഹെപ്പറ്റൈറ്റിസ് എ ജില്ലയിൽ സ്ഥിരീകരിച്ചത്. അതേസമയം, രോഗബാധ പലയിടങ്ങളിലും പരക്കെ റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക പരത്തുന്നു.
ഒരു സ്വകാര്യ കോളജിലെ വിദ്യാർഥികൾക്കിടയിൽ ഹെപ്പറ്റൈറ്റിസ് എ കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കോളജും ഹോസ്റ്റലും ഒരാഴ്ചയോളം അടച്ചിട്ടു. ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ കോളജ് ഹോസ്റ്റലിലെ ഭക്ഷണത്തിലോ വെള്ളത്തിലോ പ്രശ്നം കണ്ടെത്താനായില്ല. രോഗം രൂക്ഷമായ മറ്റ് സ്ഥലങ്ങളിൽ നിന്ന് എത്തിയവരിൽ നിന്നാകാം രോഗബാധയെന്ന സാധ്യതയാണ് അധികൃതർ നൽകുന്നത്.
മലിനമായ ഭക്ഷ്യപാനീയങ്ങൾ രോഗത്തിന് കാരണമാണ്. വൃത്തിരഹിതമായ പൊതുശുചിമുറിയും ശുചിമുറി ഉപയോഗിച്ച ശേഷം കൈകൾ ശരിയായി വൃത്തിയാക്കാത്തതും രോഗം പടർത്തും. രോഗബാധിതരുമായുള്ള സംസർഗം വഴിയും പകരും. കുട്ടികൾ കൂട്ടമായി താമസിച്ച് ഇടപഴകുന്ന സ്ഥലങ്ങളിൽ ഈ കാലാവസ്ഥയിൽ രോഗം പടരാൻ സാധ്യത ഏറെയാണെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
വൃത്തിഹീനമായ സാഹചര്യത്തിലുള്ള കടകളിൽനിന്നുള്ള പാനീയങ്ങൾ കുടിക്കുന്നതും വെല്ലുവിളിയാണ്. വിനോദയാത്രപോയി മടങ്ങുന്നവരിലും രോഗബാധ സാധ്യത ഏറെയാണ്. എന്നാൽ, ആശങ്കപെടേണ്ട സാഹചര്യവുമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. രോഗം പടർന്ന കോളജിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അടുത്ത അധ്യയനവർഷം മുതൽ ഹെപ്പറ്റൈറ്റിസ് വാക്സിൻ നിർബന്ധമാക്കാനും നിർദേശം നൽകി.
ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛർദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചിൽ, മഞ്ഞപ്പിത്തം (കണ്ണിലെ വെളുത്തഭാഗം, മൂത്രം, ത്വക്ക്, നഖങ്ങൾ എന്നിവ മഞ്ഞനിറത്തിലാവുക) എന്നിവയാണ് രോഗലക്ഷണങ്ങൾ. രണ്ട് മുതൽ ആറ് ആഴ്ച വരെ ഇടവേളയിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.
മലിനമായ ജലസ്രോതസുകളിലൂടെയും മലിനജലം ഉപയോഗിച്ച് നിർമിക്കുന്ന ഭക്ഷണം, ഐസ്, ശീതളപാനീയങ്ങൾ, മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും സെപ്റ്റിക് ടാങ്കുകളിലെ ചോർച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും ഹെപ്പറ്റൈറ്റിസ്-എക്ക് സാധ്യതയുണ്ട്.
സ്വയംചികിത്സ പാടില്ല. രോഗലക്ഷണങ്ങൾ കണ്ടാൽ ശാസ്ത്രീയ ചികിത്സ തേടണം. ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഹെപ്പറ്റൈറ്റിസ് എ പൂർണമായും ഭേദമാക്കാം. സാധാരണ രോഗലക്ഷണങ്ങൾക്കുള്ള മരുന്നുകൾ മാത്രം ഡോക്ടറുടെ നിർദേശംതേടി കഴിക്കുക. അസുഖബാധ സ്ഥിരീകരിച്ചാൽ ധാരാളം വെള്ളം കുടിക്കണം. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുക. വിശ്രമവും ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.