കൊല്ലം: വേനൽ മഴയുടെ കരുത്ത് കുറയുന്നതിന് മുന്നെ അതിശക്തമായി കോരിച്ചൊരിഞ്ഞ മൺസൂൺ കൂടിയായതോടെ ജില്ലയിൽ നഷ്ടക്കണക്ക് കോടികൾ. വമ്പൻ കൃഷിനാശത്തിനൊപ്പം വീടുകൾ ഉൾപ്പെടെ കെട്ടിടങ്ങളുടെ തകർച്ച ജില്ലയിലെമ്പാടും വൻ നഷ്ടമാണ് വരുത്തിയത്. 13.88 കോടി രൂപയുടെ കൃഷി നാശമാണ് ജില്ലയിൽ മേയ് 19 മുതൽ ജൂൺ രണ്ടുവരെ ഉണ്ടായതെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്.
മേയ് 25 മുതൽ കാലവർഷം ശക്തമായതോടെ കനത്ത മഴയിലും കാറ്റിലും ജില്ലയിലാകെ 320 വീടുകൾക്ക് നാശം നേരിട്ടതായി റവന്യു വിഭാഗവും വ്യക്തമാക്കുന്നു. 310 വീടുകൾ ഭാഗികമായും 10 വീടുകൾ പൂർണമായും തകർന്നു. ഒരുദിവസം മാത്രം 164 വീടുകൾക്ക് കേടുപാടുണ്ടാകുന്ന സ്ഥിതിയും ജില്ലയിലുണ്ടായി. കിഴക്കൻ മേഖലയിലാണ് കൂടുതൽ വീടുകൾ തകർന്നത്. കോടികളുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ജില്ലയിലെ കാർഷിക മേഖലയുടെ നട്ടെല്ല് തകർത്താണ് വേനൽമഴയും കാലവർഷത്തിന്റെ ആദ്യഭാഗവും കടന്നുപോയത്. ജില്ലയിലാകമാനം 913.24 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 5938 കർഷകരാണ് നഷ്ടത്തിലേക്ക് വീണത്.
കൊട്ടാരക്കര ബ്ലോക്കിലാണ് കൂടുതൽ സ്ഥലത്ത് നാശമുണ്ടായത്. ഇവിടെ 223.07 ഹെക്ടറിൽ കൃഷി നശിച്ചു. 2.03 കോടി രൂപയാണ് ഈ മേഖലയിലെ നഷ്ടം. ഏറ്റവും കൂടുതൽ തുകയുടെ കൃഷിനഷ്ടമുണ്ടായത് ശാസ്താംകോട്ട ബ്ലോക്ക് മേഖലയിലാണ്. ഇവിടെ മാത്രം 110.33 ഹെക്ടറിൽ 1128 കർഷകരുടെ കൃഷി നശിച്ചതിൽ 2.48 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ജില്ലയിലെ നെൽകൃഷി കേന്ദ്രങ്ങളിൽ പ്രധാനമായ ഇരവിപുരം(132.83 ഹെക്ടർ), ചാത്തന്നൂർ (106.16 ഹെക്ടർ) എന്നിവിടങ്ങളിലും കാര്യമായ നഷ്ടമുണ്ടായി.
ഏറ്റവും കൂടുതൽ സ്ഥലത്ത് നാശം നേരിട്ടതും നെൽകൃഷിക്കാണ്. 138 ഹെക്ടറിലെ നെൽകൃഷിയാണ് നശിച്ചത്. 2.07 കോടിയാണ് നഷ്ടം. 70 ഹെക്ടറിലെ പച്ചക്കറി കൃഷിയും 30 ഹെക്ടറിൽ മരിച്ചീനി കൃഷിക്കും നാശമുണ്ടായി. തുകയിലെ നഷ്ടം കണക്കാക്കിയാൽ വാഴക്കൃഷിയാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 10.09 കോടി രൂപയുടെ വാഴക്കൃഷിയാണ് മഴയിൽ കാറ്റിലും നിലംപറ്റിയത്. കുലച്ച 105933 വാഴകളാണ് 42.37 ഹെക്ടറുകളിലായി നശിച്ചത്. ഈ കണക്കിൽ മാത്രം 6.35 കോടിയുടെ നഷ്ടം. കുലക്കാത്ത 93370 വാഴകൾ നശിച്ച വകയിൽ 3.73 കോടിയാണ് കർഷകരുടെ നഷ്ടമായി ബാക്കിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.