കൊല്ലം: ആശ്രാമം മൈതാനിയില്‍ പ്രദർശനത്തിന്റെ രണ്ടാം ദിനമെത്തിയപ്പോഴേക്കും തിരക്കിന്റെ പിടിയിലമർന്നുകഴിഞ്ഞു സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷവേദിയായ ‘എന്റെ കേരളം’ പ്രദർശനനഗരി. രാവിലെ മുതൽ തുടങ്ങുന്ന തിരക്ക് രാത്രിവരെയും തുടരുന്നതാണ് കാഴ്ച.
കഴിഞ്ഞവർഷം ഒന്നാം വാർഷികാഘോഷത്തിന് ഒരുക്കിയ ഇടുങ്ങിയ പ്രദർശനഇടനാഴികളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ വിശാലമായ സ്ഥലമൊരുക്കിയാണ് സ്റ്റാളുകൾ ക്രമീകരിച്ചിരിക്കുന്നത്.
ആളുകൾ ഏറെനേരം ചെലവഴിക്കുകയും തിരക്കേറുന്നതുമായ പൊലീസ് പവലിയനും അഗ്നിരക്ഷാസേന പവലിയനുമെല്ലാം അകലംപാലിച്ച് ക്രമീകരിച്ചിരിക്കുന്നതിനാൽ എത്രപേർ വന്നാലും എല്ലാവർക്കും കാഴ്ചകൾ മുഴുവൻ കണ്ടുപോകാനുള്ള സൗകര്യം ലഭിക്കുന്നുണ്ട്.
സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകൾ മുതൽ ജില്ലയിലെ കുടുംബശ്രീ സംഘങ്ങൾ വരെ മേളയിലെത്തുന്നവരെ ആകർഷിക്കുന്നുണ്ട്. മേളയിൽ ലഭിക്കുന്ന സൗജന്യ സേവനങ്ങൾ പ്രയോജനപ്പെടുത്താനും പുതിയ അറിവുകൾ നേടാനും വിവിധ ഉൽപന്നങ്ങൾ വാങ്ങാനും ഇതിനകം നിരവധിപേരാണ് എത്തിയത്.
വൈകുന്നേരങ്ങളെ ആഘോഷത്തിലാറാടിക്കുന്ന കലാപരിപാടികൾ കൂടി ചേരുന്നതോടെ കൊല്ലംനിവാസികൾക്ക് വിരുന്നാകുകയാണ് ‘എന്റെ കേരളം’.
കൊല്ലം: കറങ്ങുന്ന ഫോണിനൊപ്പം തെളിയുന്ന പുഞ്ചിരി, ‘എന്റെ കേരളം’ പ്രദര്‍ശന വിപണന വേദിയിലെ കൗതുക കാഴ്ചയായ 360 ഡിഗ്രി സെല്‍ഫി പോയിന്റ് ഇതിനകം ഹിറ്റാണ്. എല്ലാ കോണിൽനിന്നും പകർത്തുന്ന സെൽഫിയെടുക്കാൻ കുടുംബമൊത്തൊരുമിച്ച് കയറുന്നവരും നിരവധി.
ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ കേരളത്തിന്റെ വികസനം നിറയുന്ന ‘കേരളം ഒന്നാമത്’ പവിലിയനിലാണ് സൗജന്യ സെല്‍ഫി പോയിന്റ് ഉള്ളത്. സെല്‍ഫി എടുത്ത ശേഷം ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് സെല്‍ഫി സ്വന്തം ഫോണിലേക്ക് ലഭിക്കും.
ഉദ്ഘാടനദിവസം മന്ത്രി കെ.എന്‍. ബാലഗോപാലും 360 ഡിഗ്രി സെല്‍ഫി സ്വന്തമാക്കിയിരുന്നു. ഈ പവലിയനിൽ ഓണ്‍ലൈന്‍ ക്വിസില്‍ പങ്കെടുക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.