തമിഴ്നാട്ടിൽനിന്ന് ബൈക്ക് മോഷ്ടിച്ചു കടത്തുന്നതിനിടെ പിടികൂടിയ ബൈക്കുകൾ
പുനലൂർ: തമിഴ്നാട്ടിൽനിന്ന് ആഡംബര ബൈക്കുകൾ മോഷ്ടിച്ച് കേരളത്തിലേക്ക് കടത്തുന്നതിനിടെ നാലംഗസംഘത്തിലെ യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ തെന്മല പൊലീസ് പിടികൂടി. സംഘത്തിലെ മറ്റ് മൂന്ന് യുവാക്കൾ രണ്ടു ബൈക്ക് ഉപേക്ഷിച്ച് മറ്റൊന്നുമായി രക്ഷപ്പെട്ടു. അമ്പലപ്പുഴ സ്വദേശിയായ 15കാരനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പകൽ ബസിൽ തെങ്കാശിയിലെത്തിയ യുവാക്കൾ രാത്രി തെങ്കാശി എസ്.വി തിയറ്ററിന് മുന്നിൽനിന്ന് രണ്ടു ബൈക്ക് മോഷ്ടിച്ചു. ഇതുമായി കേരളത്തിലേക്ക് വരവേ ഇലഞ്ചിയിൽ എത്തിയപ്പോൾ ഇതിലൊരെണ്ണം പെട്രോൾ തീർന്നതിനെ തുടർന്ന് ഇവിടെ ഉപേക്ഷിച്ചു.
ഇവിടെ നിന്ന് മറ്റ് രണ്ടു ബൈക്കുകൾ മോഷ്ടിച്ചു. പുലർച്ച മൂന്നോടെ ആര്യങ്കാവ് കഴുതുരുട്ടി എൽ.പി.എസിന് അടുത്തെത്തിയപ്പോൾ ഒരു ബൈക്ക് പെട്രോൾ തീർന്ന് ഓടാതായി. ഈ ബൈക്ക് ഇവിടെ ഉപേക്ഷിച്ച് കഴുതുരുട്ടിയിൽ റോഡ് വശത്തുള്ള ഒരു വീട്ടിന്‍റെ മുന്നിലുണ്ടായിരുന്ന മറ്റൊരു ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പരിസത്തുള്ള കടക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ എത്തിയതോടെ ഈ സംഘത്തിലെ രണ്ടു യുവാക്കൾ ഒരു ബൈക്കിൽ കയറി രക്ഷപ്പെട്ടു.
മറ്റ് രണ്ടു യുവാക്കൾ രണ്ടു ബൈക്ക് ഇവിടെ ഉപേക്ഷിച്ചശേഷം റെയിൽവേ റോഡിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തെന്മല പൊലീസും നാട്ടുകാരും പിന്നാലെയെത്തി മരപ്പൊത്തിൽ ഒളിച്ചിരുന്ന യുവാവിനെ പിടികൂടി. മറ്റേയാൾ എസ്റ്റേറ്റ് ഭാഗത്തേക്ക് ഓടിപ്പോയി. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ കുറ്റാലം പൊലീസെത്തി രണ്ടു ബൈക്കുകളും യുവാവിനെയും തെന്മല പൊലീസിൽ നിന്നും കസ്റ്റഡിയിലെടുത്ത് തെങ്കാശിയിലേക്ക് കൊണ്ടുപോയി. എറണാകുളം നോർത്ത് സ്റ്റേഷനിൽ മൂന്ന് മോഷണ കേസും ചങ്ങനാശ്ശേരി പുളിങ്കുന്ന് സ്റ്റേഷനിൽ ഒരു പോക്സോ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തെന്മല എസ്.ഐ അമീൻ, സി.പി.ഒമാരായ അജിത്, അരുൺ, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.