കൊല്ലം: കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടർ ഡോമി ബിയർലിയെ കൊലപ്പെടുത്തിയ കേസിൽ ജനുവരി 10ന് വിധി. സംശയത്തിന്റെ പേരിൽ ഭർത്താവ് ബാബു വല്ലരിയാൻ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയെന്ന പ്രോസിക്യൂഷൻ കേസിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.വി. ജയകുമാറാണ് വിധി പുറപ്പെടുവിക്കുന്നത്.
2016 ആഗസ്റ്റ് 19ന് പുലർച്ചെ കോയിവിളയിലുള്ള ബാബു വല്ലരിയാന്റെ വീട്ടിലാണ് ഡോമി ബിയർലി കൊല്ലപ്പെട്ടത്. 18ന് രാത്രി 11.30ന് ഡ്യൂട്ടി കഴിഞ്ഞെത്തിയ ഡോമിയെ പ്രതി ഓട്ടോയിൽ കയറ്റി ഭരണിക്കാവിൽ കൊണ്ടുപോകുകയും അവിടെ നിന്ന് സ്കൂട്ടറിൽ തന്റെ കോയിവിളയിലുള്ള വീട്ടിലേക്ക് പോകുകയുമായിരുന്നു. വെളുപ്പിന് ആറിന് ഉറങ്ങുകയായിരുന്ന ഡോമിയുടെ കഴുത്തിൽ ഒളിപ്പിച്ചുവെച്ചിരുന്ന കത്തി ഉപയോഗിച്ച് പ്രതി വെട്ടി.
ഉണർന്ന ഡോമി പ്രാണരക്ഷാർഥം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണ്ടും കഴുത്തിന് മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവസ്ഥലത്ത് തന്നെ ഡോമി മരിച്ചു. തുടർന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പ്രതിയെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊലപാതകത്തിന് ആറ് മാസം മുമ്പ് പ്രതി ഡോമിയുടെ കൈയും കാലും മോട്ടോർസൈക്കിളിന്റെ ക്രാഷ്ഗാർഡ് കൊണ്ട് അടിച്ചൊടിച്ചിരുന്നു. തുടർന്ന് തെക്കുംഭാഗം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഡോമി പിൻവലിക്കാൻ തയാറാകാത്തതായിരുന്നു മറ്റൊരു വിരോധകാരണം.
സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ച് പ്രോസിക്യൂഷൻ 30 സാക്ഷികളേയും 93 രേഖകളും 44 തൊണ്ടിമുതലുകളും ഹാജരാക്കി. ഡോമിയുടെ പിതാവ് ജയിംസ്, മാതാവ് സെല്ലാ, അമ്മാവൻ കാർലോസ്, ബി.എസ്.എൻ.എൽ നോഡൽ ഓഫിസർ നിർമൽ, ആലപ്പുഴ മെഡിക്കൽ കോളജിൽ സുഗതൻ എന്ന പോലീസുകാരനോട് നടത്തിയ കുറ്റസമ്മതം, ഡോമിയേയും പ്രതിയേയും അവസാനമായി കണ്ട ഓട്ടോ ഡ്രൈവർ ആൽഫ്രഡിന്റെ മൊഴി എന്നിവയാണ് പ്രോസിക്യൂഷൻ അവലംബിച്ചത്.
നിലവിൽ ചാത്തന്നൂർ എ.സി.പി ഗോപകുമാർ അന്വേഷണം നടത്തിയ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ, അഭിഭാഷകരായ അഭിഷേക് പിള്ള, അഖിൽ മറ്റത്ത് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.