നടുക്കുന്ന് സ്കൂളിനോട് ചേർന്നുള്ള കൊടും വളവിൽ നിയന്ത്രണമില്ലാതെ ഒരേ ദിശയിലേക്ക് വരുന്ന വാഹനങ്ങൾ
പത്തനാപുരം: അപകടമേറിയ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ ‘നിയന്ത്രണം വിട്ട്’ വാഹനങ്ങൾ പായുന്നത് പതിവാകുന്നു. മുന്നിൽപോകുന്ന വാഹനങ്ങളെ മറികടക്കാനുള്ള അതിവേഗതയിലുള്ള പാച്ചിൽ അവസാനിക്കുന്നത് പലപ്പോഴും അപകടങ്ങളിലാണ്. പത്തനാപുരം കല്ലുംകടവ് മുതൽ അലിമുക്ക് വരെ ഇതേ പാതയിൽ വാഹനങ്ങളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്നിലേറെ ജീവൻ പൊലിയുകയും, നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ഒട്ടേറെ അപകടങ്ങൾ പത്തനാപുരത്തിനും അലിമുക്കിനും ഇടയിൽ ഉണ്ടായി.
കടയ്ക്കാമൺ, വാഴത്തോപ്പ്, അലിമുക്ക് മേഖലകളിൽ എല്ലാ ദിവസവും ചെറുതും വലുതുമായ നിരവധി അപകടങ്ങൾ നടക്കാറുണ്ട്. റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണ് അപകടങ്ങൾ വർധിക്കാൻ കാരണം. വിഴിഞ്ഞം തുറമുഖത്തേക്ക് പോകുന്ന നിരവധി കണ്ടെയ്നർ വാഹനങ്ങളാണ് പുനലൂർ - മൂവാറ്റുപുഴ റോഡിലൂടെ കടന്നുപോകുന്നത്. രാത്രി സമയത്ത് അമിത വേഗതയിൽ എത്തുന്ന ചെറിയ വാഹനങ്ങൾ കണ്ടെയ്നറുകളിൽ ഇടിച്ച് അപകടത്തിൽപ്പെടുന്നതും പതിവാണ്. കഴിഞ്ഞ രാത്രിയിലും അലിമുക്കിന് സമീപം ഇതേ രീതിയിൽ അപകടം നടന്നിരുന്നു.
നടുക്കുന്ന് സ്കൂളിനോട് ചേർന്നുള്ള കൊടുംവളവിൽ, വാഹനങ്ങൾ അമിതവേഗതയിൽ എത്തി മറ്റ് വാഹനങ്ങളെ മറികടക്കുന്നത് പതിവാണ്. എതിരെ വാഹനങ്ങൾ വരുന്നത് പോലും കാണാൻ കഴിയാത്ത വളവാണ് ഇവിടെ. മാസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ അമിതവേഗതയിൽ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ, ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് മരിച്ചിരുന്നു. അപകടം തുടർക്കഥയാകുന്ന പാതയിൽ കാമറ സ്ഥാപിച്ച് വാഹനങ്ങളുടെ അമിത വേഗത ഒരു പരിധിവരെ നിയന്ത്രിക്കാമെന്നിരിക്കെ, അധികൃതർ മൗനം തുടരുന്നത് മനുഷ്യ ജീവന് വലിയ ഭീഷണിയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.