ദര്‍ഭക്കുളം ഭൂപ്രശ്നത്തിൽ ഭൂരഹിതനായ പുരുഷോത്തമന്‍
പിള്ള പ്രതീക്ഷയോടെ തങ്ങളുടെ കഥ വിശദീകരിക്കുന്നു
കുളത്തൂപ്പുഴ: അഞ്ച് പതിറ്റാണ്ട് കഴിഞ്ഞ ദര്‍ഭക്കുളം ഭൂപ്രശ്ന പരിഹാരത്തിനായി ഇക്കാലമത്രയും നടത്തിയ മന്ത്രിതല ചര്‍ച്ചകളും നിര്‍ദേശങ്ങളും പ്രഹസനമായിരുന്നുവെന്നാരോപിച്ച് ഭൂരഹിതര്‍. 1975 മുതല്‍ നിലനില്‍ക്കുന്ന ദര്‍ഭക്കുളം ഭൂപ്രശ്നത്തെ അവഗണിച്ച് അതിന് ശേഷമുണ്ടായിട്ടുള്ള പല ഭൂപ്രശ്നങ്ങളും അരിപ്പ ഭൂസമരമടക്കം അടിയന്തര പ്രാധാന്യത്തോടെ പട്ടയവും ഭൂരേഖകളും നല്‍കി പരിഹരിക്കുമ്പോഴും ദര്‍ഭക്കുളം സമരക്കാരുടെ കാര്യത്തില്‍ മാത്രം തികഞ്ഞ അവഗണനയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു. തങ്ങളാരുടെയും ഭൂമി കൈയേറിയതല്ലെന്നും തങ്ങള്‍ക്ക് പട്ടയം ലഭിച്ച ഭൂമി വനം വകുപ്പ് കൈയേറിയതാണെന്നും അതിനാല്‍ തങ്ങള്‍ക്കവകാശപ്പെട്ട ഭൂമി കണ്ടെത്തി തരാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്നും സമരക്കാര്‍ വ്യക്തമാക്കുന്നു.
കിഴക്കന്‍ മലയോരത്ത് കല്ലാര്‍ വനമേഖലയില്‍ സ്വകാര്യവ്യക്തി സര്‍ക്കാറില്‍ നിന്നും പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവന്നിരുന്ന ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് പ്രദേശത്തെ ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യാന്‍ 1975ല്‍ വിജ്ഞാപനം ചെയ്യുകയുമായിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവില റവന്യൂ വകുപ്പിലേക്ക് അടച്ച 154 പേര്‍ക്ക് ഒരേക്കര്‍വീതം ഭൂമി അനുവദിച്ച് അസൈന്‍മെന്‍റ് വിതരണം ചെയ്യുകയും ചെയ്തു.
അസൈന്‍മെന്‍റ് ലഭിച്ചവര്‍ തങ്ങള്‍ക്ക് അനുവദിച്ചുകിട്ടിയ സ്ഥലം റവന്യൂ ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം കണ്ടെത്തി അതിര്‍ത്തി തിരിച്ച് വേലികെട്ടുന്നതിന് ശ്രമിച്ചപ്പോഴാണ് പ്രദേശം നിക്ഷിപ്ത വനമേഖലയാണെന്നും അതിനാല്‍ സ്ഥലം വിട്ടുനല്‍കാന്‍ കഴിയില്ലെന്നുമുള്ള നിലപാടില്‍ തടസ്സ വാദവുമായി വനം വകുപ്പ് എത്തിയത്. തുടര്‍ന്ന് ഭൂമി ലഭിച്ചവരെ ബലം പ്രയോഗിച്ച് ഒഴിവാക്കി വനം വകുപ്പ് പ്രദേശം പിടിച്ചടക്കിയതോടെയാണ് ദര്‍ഭക്കുളം ഭൂപ്രശ്നം ഉടലെടുക്കുന്നത്. മാറി മാറി വന്ന സര്‍ക്കാറുകള്‍ പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് പലപ്പോഴായി പ്രതീക്ഷകള്‍ നൽകിയെങ്കിലും ഒരു നടപടികളും ഉണ്ടായില്ല.
മുന്‍ ഇടത് സര്‍ക്കാറിന്‍റെ കാലത്ത് റവന്യൂ-വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ നടന്ന ഉന്നതതല യോഗത്തില്‍ മറ്റ് ജില്ലകളിലടക്കം റവന്യൂ വകുപ്പിന്‍റെ കൈവശമുള്ള ഭൂമി കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പായി ഭൂരഹിതരുടെ കൈവശമുള്ള രേഖകള്‍ സംബന്ധിച്ച് റവന്യൂ വകുപ്പ് നേതൃത്വത്തില്‍ പരിശോധനകളും തെളിവെടുപ്പുകളുമെല്ലാം നടത്തിയെങ്കിലും എല്ലാം പ്രഹസനമായിരുന്നു.
ശേഷം ഒരു നടപടികളും ഉണ്ടായില്ലെന്ന് മാത്രമല്ല നിര്‍ധനരായ ദര്‍ഭക്കുളം ഭൂരഹിതര്‍ക്ക് വേണ്ടി സംസാരിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും മനഃപൂര്‍വം മറന്നുവെന്നതാണ് യാഥാർഥ്യം. ഇതിനിടെ അസൈന്‍മെന്‍റ് ലഭിച്ചവരില്‍ ഭൂരിഭാഗം പേരും കാലയവനികക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞു. ജീവിച്ചിരിക്കുന്ന പലരും ശാരീരിക അവശതകളാല്‍ ഓഫിസുകളും മന്ത്രി മന്ദിരങ്ങളും കയറിയിറങ്ങാന്‍ കഴിയില്ലെന്നും തങ്ങള്‍ക്കുവേണ്ടി സംസാരിക്കാനാരുമില്ലെന്ന് പരിതപിക്കുന്നതോടൊപ്പം ജീവിതാവസാന കാലത്തെങ്കിലും തങ്ങളുടെ പേരില്‍ ഭൂമി അനുവദിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ ജീവിതം തള്ളിനീക്കുകയാണ് തങ്ങളെന്ന് ദര്‍ഭക്കുളം ഭൂരഹിതരില്‍പെട്ട പുരുഷോത്തമന്‍, ഉത്തമന്‍ പിള്ള എന്നിവര്‍ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.