കൊല്ലം ജില്ല‍യിലെ നിർമാണ പ്രവര്‍ത്തനങ്ങള്‍: ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ നിർദേശം

കൊല്ലം: ജില്ലയിലെ റോഡുകളുടെയും പാലങ്ങളുടെയും നിർമാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാനും നിര്‍മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പു വരുത്താനും ജില്ല വികസനസമിതി യോഗത്തിൽ എം.എല്‍.എമാര്‍ നിർദേശം നല്‍കി.

ഓൺലൈൻ യോഗത്തിൽ കലക്ടര്‍ അഫ്‌സാന പര്‍വീൺ അധ്യക്ഷതവഹിച്ചു. കല്ലട- പൊരിക്കല്‍ റോഡ്, പഴവറ-കല്ലട റോഡ് എന്നിവയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

ചെങ്ങമനാട് മേഖലയിലെ റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ പരിശോധന കര്‍ശനമാക്കണമെന്ന് നിർദേശം നല്‍കി. കല്ലടയാറിനോട് ചേര്‍ന്നുള്ള പ്രദേശത്തെ മണ്ണിടിച്ചില്‍ തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനും തീരുമാനമായി. കഴുതുരുട്ടി, ഇടപ്പാളയം മേഖലയിലെ കാട്ടാനശല്യം ഒഴിവാക്കുന്നതിന് വനംവകുപ്പ് ഇടപെടണമെന്ന് പി.എസ്. സുപാല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അഞ്ചല്‍ ആര്‍.ആര്‍.ടിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.

ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കണം. മലമ്പണ്ടാരം കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്ന നടപടികളും വേഗത്തിലാക്കണം. ആര്യങ്കാവ്-പുനലൂര്‍ ദേശീയപാതയിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി സ്വീകരിക്കാനും കുരുവിക്കോണം വഴിയോര വിശ്രമകേന്ദ്രം പ്രവര്‍ത്തനക്ഷമമാക്കണമെന്നും നിർദേശിച്ചു.

ഗ്രാമീണമേഖലയിലെ കെ.എസ്.ആര്‍.ടി.സി സർവിസുകള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കണമെന്നും ഖനനം നടക്കുന്ന പ്രദേശത്ത് പാറയുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും സി.ആര്‍. മഹേഷ് എം.എല്‍.എ ആവശ്യപ്പെട്ടു.

കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ കൃത്യമായ ഇടവേളകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുവാനും യോഗത്തില്‍ തീരുമാനമായി.

കൊട്ടാരക്കരയിലെ പട്ടികജാതി കോളനികളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിർദേശം നല്‍കി. ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാലിന്റെ പ്രതിനിധി ജോണ്‍സണ്‍ വിഷയം അവതരിപ്പിച്ചു.

കുണ്ടറ- മൺറോതുരുത്ത് റോഡ് കരാര്‍ റദ്ദ് ചെയ്ത സാഹചര്യത്തില്‍ മുടങ്ങിക്കിടക്കുന്ന അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും കൊട്ടാരക്കര മേഖലയിലെ റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിന് പൊലീസ് പരിശോധന കര്‍ശനമാക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.

കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

15 കുടുംബങ്ങളുടേത് പൂര്‍ത്തിയായിക്കഴിഞ്ഞു. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ പ്രതിനിധി സജിമോന്റെ ചോദ്യത്തോടായിരുന്നു മറുപടി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍, ജില്ല പ്ലാനിങ് ഓഫിസര്‍ പി.ജെ. ആമിന, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Construction work in Kollam district: Proposal to expedite tender process

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.