ഗിരീഷ്, പ്രജിത്ത്
കഞ്ചാവിനെചൊല്ലി തർക്കം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചവർ അറസ്റ്റിൽ
കൊല്ലം: മദ്യപാനത്തിനിടെ കഞ്ചാവ് വ്യാപാരത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ നാൽപ്പത്തിരണ്ടുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പ പ്രതിയും കൂട്ടാളിയും പൊലീസ് പിടിയിൽ. കാപ്പ പ്രതിയായ ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ പാവൂരഴികത്ത് വീട്ടിൽ മിന്നൽ ഗിരീഷ് എന്ന ഗിരീഷ് (46), ഇയാളുടെ കൂട്ടാളി ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ ഓംചേരി കിഴക്കതിൽ വീട്ടിൽ പ്രജിത്ത് (38) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
ശക്തികുളങ്ങര കന്നിമേൽ സ്വദേശി ബാലാജിയെ ആണ് ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ മരുത്തടി ഓംചേരി മഠത്തിന് സമീപം ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ബാലാജിയും ഗിരീഷും തമ്മിൽ കഞ്ചാവ് വ്യാപാരത്തെപറ്റി തർക്കമുണ്ടായി. തുടർന്ന് ഗിരീഷും ഇയാളുടെ കൂട്ടാളി പ്രജിത്തും ചേർന്ന് ബിയർ കുപ്പി ഉപയോഗിച്ച് ഇയാളെ മർദിച്ചു. കുപ്പികൊണ്ട് തലയിൽ അടിച്ച് പൊട്ടിച്ച ശേഷം കഴുത്തിൽ ആഴത്തിൽ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. ശക്തികുളങ്ങര പൊലീസ് ഇൻസ്പെക്ടർ ഉദയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിനോദ്, പ്രദീപ്, സുദർശനൻ, എസ്.സി.പി.ഒ അബു താഹിർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.