പത്തനാപുരം: വാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റ് എട്ട് വയസുകാരി മരിച്ച സംഭവത്തിൽ, അധികൃതരുടെ വീഴ്ച മറച്ചുവെക്കാൻ ശ്രമം. കുട്ടിയുടെ മാതാവ് കുന്നിക്കോട് ജാസ്മിൻ മൻസിലിൽ ഹബീറ നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് വിചിത്രമായ ന്യായങ്ങൾ നിരത്തിയിട്ടുള്ളത്. ഏപ്രിൽ എട്ടിനാണ് നിയ ഫൈസലിനെ ചികിത്സക്കായി പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നേദിവസം ഉച്ചക്ക് 1.20ന് ടെസ്റ്റ് ഡോസ് ഇൻജക്ഷനും 2.20ന് ഫുൾ ഡോസ് ഇൻജക്ഷനും നൽകി.
ഒ. പിയിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടർ സംഭവം നിസാരവൽക്കരിച്ചുവെന്നും അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ മുറിവിന്റെ ആഴം പോലും മനസിലാക്കാതെ ഇൻജക്ഷൻ നൽകിയെന്നുമാണ് മാതാവിന്റെ പരാതി. പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മേയ് അഞ്ചിനാണ് നിയ ഫൈസൽ മരണമടഞ്ഞത്. നിയ ഫൈസലിന് ചികിത്സ നൽകിയതിൽ പിഴവുണ്ടായിരുന്നുവെന്ന് മാതാവ് ഹബീറ ആദ്യംമുതൽ തന്നെ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ, ആരോഗ്യ വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി വീണ ജോർജ് അന്ന് പറഞ്ഞിരുന്നു. നിയ ഫൈസലിനെ ഒ.പിയിൽ ചികിത്സിച്ച ഡോക്ടറുടെ പേരും ഇൻജക്ഷൻ നൽകിയവരുടെ പേരും മരുന്നിന്റെ ബാച്ച് നമ്പറും ഉൾപ്പെടെ ആവശ്യപ്പെട്ട് ഹബീറ മൂന്ന് മാസം മുമ്പ് വിവരാവകാശ നിയമപ്രകാരം കത്ത് നൽകി. ഇതിന് താലൂക്ക് ആശുപത്രിയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ എസ്.ആർ. സുജിത് കുമാർ നൽകിയ മറുപടിയിലാണ് ഒ.പി ചികിത്സ രേഖകൾ ആശുപത്രിയിൽ സൂക്ഷിക്കാറില്ലെന്ന വിചിത്ര മറുപടി നൽകിയത്. നിയ ഫൈസലിന് ചികിത്സ നൽകിയത് ഏത് ഡോക്ടർ ആണെന്ന് വ്യക്തമല്ലെന്നും മറുപടിയിലുണ്ട്.
പരാതി ശരിവെക്കുന്നതാണ് വിവരാവകാശ മറുപടിയിലെ അവ്യക്തതയെന്ന് കുട്ടിയുടെ മാതാവ്
പത്തനാപുരം: ചികിത്സ പിഴവുണ്ടായകാര്യം താൻ ആദ്യം മുതലേ ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോൾ വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിലും ഒളിച്ചുകളി തുടരുകയാണ്. ഒ.പിയിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടറെ അറിയില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. രേഖകൾ പരിശോധിച്ചാൽ എല്ലാം വ്യക്തമാകും. താലൂക്ക് ആശുപത്രിയിൽ ഉണ്ടായ വീഴ്ച മറച്ചുവെക്കാനാണ് അധികൃതരുടെ ശ്രമം. മകളെ ചികിത്സിച്ച ഡോക്ടറെ തനിക്കറിയാമെന്നും തിരിച്ചറിയൽ പരേഡിന് അവർ തയാറാകട്ടെയെന്നും കുട്ടിയുടെ മാതാവ് ഹാബിറ പറഞ്ഞു. വ്യക്തമായ മറുപടിക്കായി അപ്പീൽ നൽകുമെന്നും ഹാബിറ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.