കുടിക്കുന്നതിൽ വേണം കരുതൽ
കൊല്ലം: വേനൽച്ചൂടിൽ നാട് ഉരുകിയൊലിക്കുമ്പോൾ വെള്ളവും മറ്റ് പാനീയങ്ങളും എത്ര കുടിക്കാമോ അത്രയും നല്ലതു തന്നെ. ശരീരം തണുപ്പിക്കാൻ വഴിയോരങ്ങളിൽനിന്ന് വെള്ളവും ജ്യൂസും സംഭാരവും മറ്റ് പാനീയങ്ങളും ആളുകൾ വാങ്ങിക്കുടിക്കുന്നതും വർധിച്ചിട്ടുണ്ട്.
ഹോട്ടലുകളും ജ്യൂസ് കടകളും തുടങ്ങി വഴിയോരങ്ങളിലെ തട്ടുകൾ വരെ തിരക്കിലാണ്. എന്നാൽ, ദാഹിച്ചുവലഞ്ഞാലും എവിടെനിന്നും എന്തും വാങ്ങിക്കുടിക്കരുതെന്ന് ഓർമിപ്പിക്കുകയാണ് ആരോഗ്യ, ഭക്ഷ്യസുരക്ഷ വിഭാഗങ്ങൾ. ജലജന്യ രോഗങ്ങൾ പിടികൂടുന്ന പ്രധാന സമയമാണ് വേനൽക്കാലം.
വൃത്തിയില്ലാത്ത വെള്ളവും ഐസും ഉപയോഗിച്ച് ഉണ്ടാക്കുന്ന പാനീയങ്ങൾ കുടിക്കുന്നത് ദോഷം മാത്രമേ വരുത്തുകയുള്ളൂ. വൃത്തിഹീനമായ സാഹചര്യത്തിൽ ജ്യൂസുകളും മറ്റും വിൽക്കുന്ന കടകളിൽനിന്ന് ഒന്നും വാങ്ങിക്കുടിക്കാതിരിക്കുന്നതാണ് ശരീരത്തിന് നൽകാൻ കഴിയുന്ന കരുതൽ. ശുചിത്വ നിലവാരമുള്ള കടകളിൽനിന്ന് മാത്രം പാനീയങ്ങൾ വാങ്ങാൻ ശ്രദ്ധിക്കണം. മോശം സാഹചര്യങ്ങളിൽ ഉണ്ടാക്കുന്ന പാനീയങ്ങൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ടോൾഫ്രീ നമ്പർ 1800 425 1125ൽ വിവരം അറിയിക്കണം.
കുപ്പിവെള്ളമാണേ, വെയിൽകൊള്ളിക്കല്ലേ
പ്ലാസ്റ്റിക് കുപ്പികളിലും മറ്റും വെള്ളവും ശീതളപാനീയങ്ങളും കൊണ്ടുപോകുന്നതിനും കടകളിൽ സൂക്ഷിക്കുന്നതിനും അതീവ ശ്രദ്ധ ആവശ്യമാണ്. നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിൽ പ്ലാസ്റ്റിക് കുപ്പികളിലുള്ള ശീതളപാനീയവും മിനറൽ വാട്ടറും സൂക്ഷിക്കാൻ പാടില്ല.
വെയിലേറ്റ് ചൂടാകുന്ന പ്ലാസ്റ്റിക് കുപ്പികളിൽനിന്ന് പാലേറ്റ്സ് (Phthalates) എന്ന കെമിക്കൽ കുടിവെള്ളത്തിലേക്കും ശീതളപാനീയത്തിലേക്കും കലരുന്നത് ശരീരത്തിലെത്തിയാൽ ദോഷമാണ്. ഇതിനാൽ കുപ്പിയിലും മറ്റും വെള്ളം വാഹനങ്ങളിൽ കൊണ്ടുപോകുമ്പോൾ എപ്പോഴും വെയിലേറ്റ് ചൂടാകാത്ത നിലയിൽ മൂടണം. കടകൾക്ക് മുന്നിൽ വെയിൽകൊണ്ട് നിരന്നിരിക്കുന്ന കുപ്പികളും വാങ്ങരുത്.
‘ഓപറേഷൻ പ്യുവർ വാട്ടർ’
വേനൽക്കാലത്ത് കുടിവെള്ളത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രധാന ശ്രദ്ധ. ‘ഓപറേഷൻ പ്യുവർ വാട്ടർ’ എന്ന പേരിൽ ഒരുമാസം നീളുന്ന കാമ്പയിന്റെ ഭാഗമായി ജില്ലയിലുടനീളം ജലം പരിശോധനക്ക് ശേഖരിക്കുന്നുണ്ട്. ജില്ലയിലുടനീളം 72 സ്ഥലങ്ങളിൽ കാമ്പയിന്റെ ഭാഗമായി പരിശോധനകൾ നടത്തി. കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര മേഖലകളിലായി മൂന്ന് സ്ക്വാഡുകളാണ് നേതൃത്വം നൽകുന്നത്.
കുപ്പിവെള്ളത്തിന്റെ എട്ട് സാമ്പിളുകൾ ഇതുവരെ പരിശോധനക്കായി ശേഖരിച്ചു. ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം, ജ്യൂസ് എന്നിവയുടെ 13 വീതം സാമ്പിളുകളും പരിശോധനക്കെടുത്തിട്ടുണ്ട്. കുടിവെള്ളം കൊണ്ടുപോകുന്ന ആറ് വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കി. മൂടാതെ വെയിൽ ഏൽക്കുന്ന രീതിയിൽ കുപ്പിവെള്ളം കൊണ്ടുപോയതിന് മൂന്ന് വാഹനങ്ങളിൽനിന്ന് 5000 രൂപ വീതം പിഴയും ഭക്ഷ്യസുരക്ഷ വകുപ്പ് ഈടാക്കി. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.