റോണി
ശക്തികുളങ്ങര: വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയെ പങ്കായംകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. ശക്തികുളങ്ങര അരവിള മേട തെക്കതിൽ ജേക്കബിന്റെ മകൻ സോണിമോൻ എന്ന റോണി (42) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ഇയാളുടെ അയൽവാസിയായ ജോണിനാണ് (46) മർദനമേറ്റ് മാരകമായി പരിക്കേറ്റത്.
റോണിയുടെ വീട്ടിൽ രാത്രി ലൈറ്റ് ഇടുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തെ തുടർന്ന് പ്രകോപിതനായ റോണി വീട്ടിൽനിന്ന് പങ്കായവുമായി വന്ന് ജോണിനെ ആക്രമിക്കുകയായിരുന്നു. പങ്കായത്താൽ തലക്ക് അടിയേറ്റ് മാരകമായി പരിക്കേറ്റ ജോണിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിൽ തലയിൽ ആഴത്തിലുള്ള മുറിവും കവിളെല്ലിന് പൊട്ടലും സംഭവിച്ചു. ശക്തികുളങ്ങര പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ ഉടൻ പിടികൂടുകയായിരുന്നു.
കൊല്ലം എ.സി.പി പ്രതീപിന്റെ നിർദേശപ്രകാരം ശക്തികുളങ്ങര ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആശ ഐ.വി, പ്രദീപ്, സുദർശനൻ, എസ്.സി.പി.ഒമാരായ അബു താഹിർ, ബിജു കുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.