കൊട്ടിയം: ചികിത്സയോടൊപ്പം കവിതകൾ എഴുതി രോഗത്തെ തോൽപ്പിക്കാം എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ?, എങ്കിൽ വിശ്വസിച്ചേ പറ്റൂ. ഉമയനല്ലൂർ സ്വദേശിയും സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽ സൂപ്രണ്ടുമായ അൻവർഷ ഉമയനല്ലൂർ എന്ന 52കാരന്റെ ജീവിത കഥ ഇതാണ്. തന്റെ ശരീരത്തിൽ മാരകമായ രോഗം ബാധിച്ചിട്ടുണ്ടെന്നും നാളുകൾ എണ്ണപ്പെട്ടു എന്നറിഞ്ഞിട്ടും പതറാതെയും തളരാതെയും ചികിത്സയോടൊപ്പം കവിതകൾ എഴുതി അൻവർഷ രോഗത്തെ തോൽപ്പിക്കുകയായിരുന്നു.
രോഗബാധ സ്ഥിരീകരിച്ചപ്പോൾ തന്നെ തനിക്ക് താങ്ങും തണലുമാകേണ്ട ഭാര്യ തന്നെ ഉപേക്ഷിച്ചു പോയെങ്കിലും പതറാത്ത മനസ്സുമായി ആർ.സി.സിയിലെ രോഗകിടക്കയിൽ കിടന്ന് കവിതയെഴുത്ത് തുടരുകയായിരുന്നു. 2002ൽ കാഴ്ചശക്തിയിൽ നേരിയ തകരാറ് സംഭവിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തലച്ചോറിനോട് ചേർന്ന് അർബുദ ബാധ സ്ഥിരീകരിച്ചത്. 35 റേഡിയേഷനുകൾ കഴിഞ്ഞെങ്കിലും രോഗം മൂർച്ഛിക്കുകയും വലതു കണ്ണിന്റെ കാഴ്ചയും വലതുചെവിയുടെ കേൾവിയും നഷ്ടമാക്കുകയും തിരിച്ചറിയാനാവാത്തവിധം രൂപമാറ്റം സംഭവിക്കുകയും ചെയ്തു. എങ്കിലും വിധിക്കുമുന്നിൽ തോൽക്കാൻ മനസ്സു വന്നില്ല. എന്തിനെയും ഉൾക്കൊള്ളാനുള്ളതാണ് കവി ഹൃദയം എന്നറിവുള്ളതിനാൽ ഭയന്നില്ല. കവിത രചന തന്നെയായിരുന്നു മുതൽക്കൂട്ട്. ആർ.സി.സിയിലെ കിടക്കയിൽ കിടന്നുകൊണ്ടാണ് 2003ൽ ശരശയ്യ എന്ന കവിത എഴുതിയത്. ഇത് സെക്രട്ടേറിയറ്റിലെ മാഗസിനിൽ പ്രസിദ്ധീകരിച്ചു.
എട്ടുവർഷത്തെ ചികിത്സക്കിടയിൽ ആയിരത്തോളം കവിതകളാണ് ഇദ്ദേഹം എഴുതിയത്. ആർ.സി.സിയിലെ ഡോക്ടറായിരുന്ന മിർസ ഹുസൈന്റെ നിർദേശപ്രകാരമാണ് ആദ്യപുസ്തകം പ്രസിദ്ധീകരിച്ചത്. എന്നാൽ, ഇദ്ദേഹം രോഗമുക്തനായപ്പോൾ ഡോക്ടർ അർബുദ ബാധിതനായി മരണപ്പെട്ടത് ഇദ്ദേഹത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. സെക്രട്ടേറിയറ്റിലെ ജോലിക്കിടയിൽ കേരള സർക്കാർ കലണ്ടർ രൂപകൽപന ചെയ്തതിനുൾപ്പെടെ എട്ടുതവണ വിശിഷ്ട സേവന പുരസ്കാരം ലഭിച്ചിട്ടുണ്ട്.
കവയിത്രി സുഗതകുമാരിയെ പരിചയപ്പെട്ടതാണ് കവിതാരംഗത്ത് സജീവമാകാൻ ഇടയായത്. സുഗതകുമാരി തന്നെയാണ് ഇദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാരമായ ‘ഇടത്താവള’ത്തിന് അവതാരികയെഴുതിയതും. 2025ൽ കേരളത്തിന്റെ ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരൻ പ്രകാശനം ചെയ്തതുൾപ്പെടെ എട്ട് കവിത സമാഹാരങ്ങൾ പുറത്തിറങ്ങി. ഇനി ഇദ്ദേഹത്തിന്റെ അഞ്ചോളം കവിത സമാഹാരങ്ങൾ പുറത്തിറങ്ങാനുണ്ട്.
1973ൽ കൊല്ലം ജില്ലയിലെ ഉമയനല്ലൂരിൽ കണ്ടത്തിൽ വീട്ടിലായിരുന്നു ജനനം. സ്കൂൾ കലോത്സവങ്ങളിൽ കവിതാ രചനയിലും ആലാപനത്തിലും ചിത്രരചനനയിലും പങ്കെടുത്തു വിജയിച്ചാണ് കലാരംഗത്തേക്ക് കടന്നുവന്നത്. ചിത്രകലയിൽ ഫൈൻ ആർട്സ് പഠനം പൂർത്തിയാക്കിയ ശേഷം ചിത്രകലാ അധ്യാപകനായി വിവിധ കലാലയങ്ങളിൽ സേവനമനുഷ്ഠിച്ചു. കൊല്ലം, കരിക്കോട് ടി.കെ.എം പബ്ലിക് സ്കൂളിൽ ചിത്രകല അധ്യാപകനായിരിക്കേയാണ് സെക്രട്ടേറിയറ്റിൽ ജോലി ലഭിക്കുന്നത്.
ആദ്യവിവാഹ ബന്ധം ശിഥിലമായതിനെ തുടർന്ന് പൊന്നാനി സ്വദേശിയായ റസീനയെ പിന്നീട് ജീവിത പങ്കാളിയാക്കി. രണ്ടു മക്കൾ സർവ പിന്തുണയുമായി കൂടെയുണ്ട്. ഓൺലൈൻ കവിത ഗ്രൂപ്പുകളിൽ സജീവമായി രചനകൾ നടത്തുന്നതിനാൽ അൻവർ ഷാ തിരക്കിലാണ്. ശുഭാപ്തിവിശ്വാസം തന്നെയാണ് ഏറ്റവും വിലപ്പെട്ട ഔഷധമെന്നാണ് അദ്ദേഹം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.