കടുവയുടെ ജഡം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിക്കുന്നു
പുനലൂർ: അച്ചൻകോവിൽ വനത്തിൽ വീണ്ടും കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ ഇത് രണ്ടാമത്തെ കടുവയുടെ ജഡമാണ് കണ്ടെത്തുന്നത്. അച്ചൻകോവിൽ ഡിവിഷനിലെ കല്ലാർ റേഞ്ചിൽപ്പെട്ട കോടമല ആറ്റിനക്കരെ കടുവാപ്പാറ ഭാഗത്താണ് സംഭവം. അച്ചൻകോവിൽ- അലിമുക്ക് പാതയിൽ ചിറ്റാർ ചപ്പാത്തിനോട് ചേർന്നാണ് ഈ വനഭാഗം. ശനിയാഴ്ച രാത്രി പരിശോധനക്ക് എത്തിയ വനപാലകർക്ക് ഈ ഭാഗത്ത് കടുത്ത ദുർഗന്ധം അനുഭവപ്പെട്ടിരുന്നു.
തുടർന്ന് ഞായറാഴ്ച രാവിലെ റേഞ്ച് ഓഫീസർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് ആൺ കടുവയുടെ ജഡം കണ്ടെത്തിയത്. പതിമൂന്ന് വയസ്സോളം വരും. ഒരാഴ്ച പഴക്കമുള്ളതിനാൽ ജഡം അഴുകി തുടങ്ങിയിരുന്നു. വനം വകുപ്പ് വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തി. ദേശീയ കടുവ സംരക്ഷണ ആക്ട് പ്രകാരമാണ് പോസ്റ്റ്മോർട്ട നടപടി പൂർത്തിയാക്കിയത്.
ജഡം അവിടെ സംസ്കരിച്ചു. ആന്തരിക അവയവങ്ങളുടെ വിദഗ്ധ പരിശോധനക്ക് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് അച്ചൻകോവിൽ ഡി.എഫ്.ഒ എസ്. അനീഷ് പറഞ്ഞു. കടുവയുടെ ദേഹത്ത് മുറിവുകളോ മറ്റെന്തെങ്കിലും പരിക്കുകളോ ഇല്ലാത്തതിനാൽ സ്വാഭാവിക മരണമാകാനാണ് സാധ്യതയെന്ന് അധികൃതർ സൂചിപ്പിച്ചു. കഴിഞ്ഞ 31 ന് ഈ ഡിവിഷനിലെ കല്ലാർ റേഞ്ചിൽപ്പെട്ട തുളുമല സെക്ഷനിൽ ആറ്റിന് അക്കരെ ശവക്കോട്ട ഭാഗത്ത് 14 വയസുളള പെൺകടുവയുടെ ജഡം കണ്ടെത്തിയിരുന്നു. പ്രായാധിക്യം മൂലം ഈ കടുവ ചത്തതെന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം അധികൃതർ പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.