85 തദ്ദേശസ്ഥാപനങ്ങളുടെ 15264 പദ്ധതികള്‍ക്ക് അംഗീകാരം

കൊല്ലം: ജില്ലയിലെ 85 തദ്ദേശസ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ 1434.18 കോടി രൂപയുടെ 15264 പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ചെയര്‍മാന്‍കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അംഗീകാരം നല്‍കിയത്. സമ്പൂര്‍ണ ഭരണഘടന സാക്ഷരത പ്രഖ്യാപനം ആഗസ്റ്റ് 14ന് നടക്കുന്നതിന് മുന്നോടിയായി അഞ്ചു ലക്ഷത്തോളം ഭരണഘടന ആമുഖത്തിന്‍റെ കോപ്പികള്‍ വിതരണം ചെയ്യും. ഭരണഘടന സാക്ഷരതദിന പരിപാടിയുടെ ഭാഗമായി നടക്കുന്ന 'ദി സിറ്റിസൺ' കാമ്പയിന്‍ എല്ലാവരിലേക്കും എത്തിക്കാനും നിർദേശം നല്‍കി. ബ്ലോക്ക്/ മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ അടിസ്ഥാനത്തില്‍ വിപുലമായ പ്രചാരണം നടത്തണം-ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിർദേശിച്ചു. സമ്പൂര്‍ണ ഭരണഘടന സാക്ഷരതാ പ്രവര്‍ത്തനത്തിന് ജില്ല പഞ്ചായത്ത് ഒരുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളും ആവശ്യമായ ഫണ്ട് വകയിരുത്തി കാമ്പയിനുമായി ബന്ധപ്പെട്ട നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നും ചെയര്‍മാന്‍ ഓര്‍മിപ്പിച്ചു. ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി എം. വിശ്വനാഥന്‍, ജില്ല പ്ലാനിങ് ഓഫിസര്‍ പി.ജെ. ആമിന എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.