മുൻ മന്ത്രി ഷിബു ബേബിജോണിന്‍റെ കുടുംബ വീട്ടിൽ കവർച്ച

കൊല്ലം: മുൻ മന്ത്രി ഷിബു ബേബിജോണിന്‍റെ കടപ്പാക്കടയിലുള്ള കുടുംബവീട്ടിൽനിന്ന് 47 പവനോളം സ്വർണാഭരണങ്ങൾ കവർന്നു. ഇന്നലെ അർധരാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഷിബു ബേബിജോൺ നിലവിൽ താമസിക്കുന്ന വീടിനോട് ചേർന്നാണ് മോഷണം നടന്ന കുടുംബവീട്. രാത്രി ഇവിടെ ആരും ഉണ്ടാവാറില്ല. ഷിബുവിന്‍റെ മാതാവ് പകൽ സമയം കുടുംബവീട്ടിലുണ്ടാകും. രാത്രിയാകുമ്പോൾ ഷിബുവിന്‍റെ വീട്ടിലേക്ക് പോകും. വർഷങ്ങളായി ഇതാണ് പതിവ്. ഇത് കൃത്യമായി അറിയുന്നവരാണ് കവർച്ചക്ക്​ പിന്നിലെന്ന് കരുതുന്നു. വീടിന്‍റെ രണ്ടാമത്തെ നിലയിലെ മുറിയിൽ സൂക്ഷിച്ചിരുന്ന ഷിബു ബേബി ജോണിന്‍റെ അമ്മയുടെ വിവാഹ ആഭരണങ്ങളാണ് നഷ്ടമായത്. മുൻവാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് അകത്ത് കയറിയാണ് മോഷണം നടത്തിയത്. പൊലീസും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. ഇവിടെ നിരീക്ഷണ കാമറകളില്ല. സമീപത്തെ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.