പോരാട്ടഭൂമിയിൽ വിജയാഹ്ലാദം പങ്കുവെക്കാൻ അവർ ഒത്തുകൂടി

എട്ടുവർഷത്തിന് ശേഷമാണ് പേപ്പർമിൽ കൈവശ ഭൂമിക്കാരായ 750 കുടുംബങ്ങൾ വീണ്ടും സംഗമിച്ചത് -ബി. ഉബൈദുഖാൻ പുനലൂർ: ഒന്നര പതിറ്റാണ്ടത്തെ കാത്തിരിപ്പിനും നിരന്തര സമരത്തിനും ശേഷം വിജയശ്രീലാളിതരായി പേപ്പർമിൽ കൈവശഭൂമിക്കാർ വീണ്ടും ഒത്തുചേർന്നു. എട്ട് വർഷം മുമ്പ് ഏതൊരിടത്താണോ ഒത്തുകൂടി തങ്ങളുടെ അവകാശം സ്ഥാപിക്കാൻ നിരന്തരപോരാട്ടത്തിനിറങ്ങാൻ ദൃഢ പ്രതിജ്ഞയെടുത്തത് അവിടെത്തന്നെ വിജയാഹ്ലാദം പങ്കുവെക്കാനും ഒരുമിച്ചത് യാദൃച്ഛികമായി. ആദ്യത്തെ ഒത്തുചേരലിൽ നിന്ന്​ വ്യത്യസ്തമായി ആകുലതകളും ആശങ്കയും ഇല്ലാതെ ആഹ്ലാദത്തിൻെറ അതിരറ്റ അലതല്ലൽ എല്ലാവരിലും പ്രകടമായി. സ്ത്രീകളടക്കമുള്ള നൂറുകണക്കിന് ആളുകൾ പങ്കാളിയായി. പൂർവപിതാക്കളുടെ കാലം മുതൽ കൈവശംവെച്ച് അനുഭവിക്കുന്ന ഭൂമിയിൽ നിന്നും ഇനിയാരും ഇറക്കിവിടാൻ വരില്ലല്ലോ എന്ന സന്തോഷമാണ് എല്ലാവരിലും പ്രകടമായത്. പൂനലൂർ പേപ്പർ മില്ലിന് സമീപത്തെ സ്കൈലൈൻ ഒാഡിറ്റോറിയത്തിലാണ് ഞായറാഴ്ച വൈകീട്ട് കൈവശ ഭൂമിക്കാരായ 750 കുടുംബങ്ങൾ ഒത്തുകൂടിയത്. കൈവശ ഭൂമിക്ക് പട്ടയം ആവശ്യപ്പെട്ട് സമരങ്ങൾക്ക് നേതൃത്വം നൽകിയ പേപ്പർ മിൽ പട്ടയം സമരസമിതിയാണ് സംഗമം സംഘടിപ്പിച്ചത്. ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയിൽനിന്നും പട്ടയം സ്വീകരിക്കുന്നതിൻെറ സന്തോഷം പങ്കുവെക്കാനും അതിലുപരി പട്ടയമേള നാടിൻെറ ഉത്സവമാക്കാനും ഉദ്ദേശിച്ചായിരുന്നു സംഗമം. 18ലെ പട്ടയമേള ഉത്സവമാക്കുമെന്ന ഉറപ്പോടെ വർധിത ആവേശത്തോടെയാണ് കൈവശഭൂമിക്കാർ സംഗമത്തിൽ നിന്ന്​ പിരിഞ്ഞത്. (പ്രാധാന്യത്തോടെ കൊടുക്കണം) പുനലൂരിലെ പട്ടയമേള കുടുംബസംഗമമാക്കും- പി.എസ്. സുപാൽ എം.എൽ.എ പുനലൂർ: പുനലൂരിൽ 18ന് നടക്കുന്ന ജില്ലതല പട്ടയമേള ആയിരങ്ങൾ പങ്കെടുക്കുന്ന കുടുംബസംഗമമാക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എ. പേപ്പർ മിൽ പട്ടയ സമരസമിതി സ്കൈ ലൈൻ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്കിൽ കൈവശ ഉടമകൾക്ക് മുഴുവൻ ആളുകൾക്കും മൂന്ന് വർഷത്തിനുള്ളിൽ പട്ടയം നൽകും. വനഭൂമി, കനാൽ പുറമ്പോക്ക് തുടങ്ങിയ ഭൂമികളിലുള്ള അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകാനുള്ള നടപടി നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. സമരസമിതി പ്രസിഡന്റ് അഡ്വ. എഫ്. കാസ്റ്റലെസ് ജൂനിയർ അധ്യക്ഷത വഹിച്ചു. സമരസമിതി സെക്രട്ടറി ടൈറ്റസ് സെബാസ്റ്റ്യൻ, മുൻമന്ത്രി കെ. രാജു, നഗരസഭ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം, നേതാക്കളായ എസ്. ജയമോഹൻ, ജോർജ് മാത്യു, എം.എ. രാജഗോപാൽ, വി.പി. ഉണ്ണികൃഷ്ണൻ, എ.ആർ. മുഹമ്മദ് അജ്മൽ, ജെ. ഡേവിഡ്, ജ്യോതികുമാർ, അൻവർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.