പുതിയ കായിക നയം നടപ്പാക്കും -മന്ത്രി അബ്ദുറഹ്മാൻ

കൊല്ലം: കായിക മേഖലയിൽ മുന്നേറ്റമുണ്ടാക്കാനുള്ള പുതിയ കായിക നയം അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. കേരള ഗെയിംസ് സീനിയര്‍ കബഡി മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം കായിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് മാത്രം ഏകദേശം 1200 കോടി രൂപയാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. 57 സ്റ്റേഡിയങ്ങള്‍ നിര്‍മാണത്തിലാണ്. എല്ലാ പഞ്ചായത്തുകളിലും പുതുതായി കളിക്കളങ്ങളൊരുക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു. ഇതിന്‍റെ ഭാഗമായി 465 പുതിയ പഞ്ചായത്ത് തല കളിക്കളങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. 145 കളിക്കളങ്ങള്‍ക്ക് പണം അനുവദിച്ചു. പഞ്ചായത്ത് തലത്തിൽ സ്പോര്‍ട്സ് കൗൺസിലുകള്‍ രൂപവത്​കരിക്കും. കായിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കബഡി താരങ്ങളായ റോസ് മേരി, ജഗദീഷ് കുമ്പള, പഴയ കാല കമന്‍റേറ്റര്‍ താജുദ്ദീൻ എന്നിവരെ ആദരിച്ചു.കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് സെക്രട്ടറി ആര്‍.എസ്. ബാബു, പ്രസിഡന്‍റ് വി. സത്യബാബു, ജില്ല സ്പോര്‍ട്സ് ക്ലബ് പ്രസിഡന്‍റ് എക്സ്. ഏണസ്റ്റ്, സംഘാടകസമിതി ജനറൽ കൺവീനർ ജി. രാജ്മോഹൻ, ബി. രാജീവ് എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന മത്സരത്തിൽ കൊല്ലം പാലക്കാടിനെ തോൽപിച്ചു (35 - 14).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.