നാൽപതോളം ബസുകൾ മാത്രമാണ് നിരത്തിലിറങ്ങിയത് കൊല്ലം: ഒരു വിഭാഗം ജീവനക്കാർ മാത്രം പണിമുടക്കുന്നു എന്ന് വിശ്വസിച്ച് കെ.എസ്.ആർ.ടി.സി ബസ് തേടിയിറങ്ങിയ പൊതുജനം വഴിയിലായി. സൂചന പണിമുടക്കിൽ എല്ലാ ഡിപ്പോകളിലും ജീവനക്കാർ ഉറച്ചുനിന്നതോടെ ആകെ നാൽപതോളം സർവിസുകൾ മാത്രമാണ് ജില്ലയിൽ യാത്രക്കാർക്ക് ആശ്വാസമായി നിരത്തിലിറങ്ങിയത്. ശരാശരി 410 സർവിസുകൾ ആണ് ജില്ലയിൽ ദിനംപ്രതി നടക്കാറുള്ളത്. ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ് വിഭാഗം ജീവനക്കാർ പണിമുടക്കുമെന്നും സി.ഐ.ടി.യു വിഭാഗം സമരത്തിനില്ലെന്നും പ്രഖ്യാപിച്ചിരുന്നതിനാൽ കുറച്ച് ബസുകൾ എങ്കിലും സർവിസ് നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർ. എന്നാൽ ശമ്പളപ്രശ്നം ഉന്നയിച്ചുള്ള സമരമായതിനാൽ ഭൂരിഭാഗം ജീവനക്കാരും ജോലിയിൽ നിന്ന് വിട്ടുനിന്നു. കെ.എസ്.ആർ.ടി.സി ബസുകളെ മാത്രം ആശ്രയിക്കുന്ന കിഴക്കൻമേഖല ഉൾപ്പെടെ ഗ്രാമീണ പ്രദേശങ്ങളിലാണ് യാത്രാദുരിതം കൂടിയത്. ആര്യങ്കാവ്, കുളത്തൂപ്പുഴ, പത്തനാപുരം ഡിപ്പോകളിൽ നിന്ന് ഒരു ബസ് പോലും പുറത്തിറങ്ങിയില്ല. പുനലൂരിൽ ആണ് ഏറ്റവും കൂടുതൽ സർവിസുകൾ നടന്നത്, 14. 75 ഷെഡ്യൂളുകൾ ഉള്ള കൊല്ലം സെൻട്രൽ ഡിപ്പോയിൽ ആറെണ്ണമാണ് വെള്ളിയാഴ്ച സർവിസ് നടത്തിയത്. ഫീഡർ സർവിസുകൾ, സ്റ്റേ സർവിസുകൾ എന്നിവ രണ്ടെണ്ണം വീതവും മധുരയിലേക്കുള്ള സർവിസും നടന്നു. ഒരു സൂപ്പർ ഫാസ്റ്റും നിരത്തിലിറങ്ങി. രാവിലെ മുതൽ നിരവധി യാത്രക്കാരാണ് ദീർഘദൂരങ്ങളിലേക്ക് പോകാൻ ഉൾപ്പെടെ ഡിപ്പോയിൽ ബസ് കയറാൻ എത്തിയത്. എന്നാൽ, ഇവർക്ക് ഇതര ജില്ലകളിൽ നിന്ന് അപൂർവമായി വന്ന സൂപ്പർ ഫാസ്റ്റുകൾ പോലുള്ള സർവിസുകൾ മാത്രമാണ് ആശ്രയമായത്. പ്രാക്ടിക്കൽ പരീക്ഷയുണ്ടായിരുന്ന വിദ്യാർഥികൾ ഉൾപ്പെടെ വലഞ്ഞു. കാത്തിരുന്ന് മടുത്തവർ സ്വകാര്യ വാഹനങ്ങളിലും മറ്റും യാത്ര തുടരേണ്ട ഗതിയിലായി. സ്വകാര്യ ബസുകളായിരുന്നു നഗരത്തിനുള്ളിൽ അൽപമെങ്കിലും ആശ്വാസമായത്. ഡിപ്പോയിൽ 253 സ്ഥിരം ജീവനക്കാരിൽ 69 പേർ ജോലിക്ക് ഹാജരായി. ജീവനക്കാരിൽ ഏഴ് പേർ മാത്രമാണ് അവധി അപേക്ഷ നൽകിയിരുന്നത്. ദിവസവേതനക്കാരായ ശുചീകരണതൊഴിലാളികൾ ആകെയുള്ള ആറുപേരും ജോലിക്കെത്തി. കരുനാഗപ്പള്ളിയിൽ 62 സർവിസുകൾ ഉള്ളതിൽ കെ.എം.എം.എല്ലിന് വേണ്ടിയുള്ള ആറ് സർവിസുകൾ മാത്രമാണ് ഓടിയത്. ചാത്തന്നൂരിൽ ഒരു ഫാസ്റ്റ് പാസഞ്ചർ മാത്രം സർവിസ് നടത്തി. പുനലൂർ ഡിപ്പോക്ക് കീഴിൽവരുന്ന മലയോര-തോട്ടം മേഖലയിൽ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്. പുനലൂരിൽ ആകെയുള്ള 48 ഷെഡ്യൂളിലാണ് 14 സർവിസുകൾ നടന്നത്. തിരുവനന്തപുരം, കൊല്ലം, തെങ്കാശി എന്നിവിടങ്ങളിലേക്ക് ഫാസ്റ്റുകളും അച്ചൻകോവിലിലേക്ക് ഓർഡിനറി സർവിസും നടത്തി. ആര്യങ്കാവിൽ ആകെയുള്ള 14 സർവിസിൽ ഒരെണ്ണം പോലും ഓടിയില്ല. തോട്ടം, മലയോരം മറ്റ് ഗ്രാമീണ മേഖലകളിൽ സമാന്തര സർവിസിനേയും മറ്റും ആശ്രയിക്കേണ്ടി വന്നു. സ്വകാര്യ ബസുകളുള്ള പത്തനാപുരം, അഞ്ചൽ റൂട്ടുകളിൽ സമരം യാത്രക്കാരെ കാര്യമായി ബാധിച്ചില്ല. പുനലൂരിൽ സമരക്കാർ രാവിലെ പ്രതിഷേധ പ്രകടനം നടത്തി. കുളത്തൂപ്പുഴയിൽ 32 സർവിസുകളിൽ ഒരെണ്ണം പോലും പ്രവര്‍ത്തിച്ചില്ല. 122 ജീവനക്കാരുള്ളതില്‍ അഞ്ചുപേര്‍ മാത്രമാണ് ജോലിക്കെത്തിയത്. സമീപ ഡിപ്പോകളില്‍ നിന്നുമുള്ള ബസുകൾ പോലും കുളത്തൂപ്പുഴയിലേക്ക് എത്താതിരുന്നത് യാത്രാക്ലേശം രൂക്ഷമാക്കി. പുലര്‍ച്ച മുതല്‍ പ്രദേശത്തു നിന്നും പുറത്തേക്കും മറ്റും പോകാനെത്തിയ നിരവധി യാത്രികരാണ് സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ച് യാത്ര തുടര്‍ന്നത്. ദീര്‍ഘദൂര യാത്രികരാണ് വലഞ്ഞതിലേറെയും. കൊട്ടാരക്കരയിൽ ഒരു ഫാസ്റ്റ് പാസഞ്ചർ സർവിസ് മാത്രം നിരത്തിലിറങ്ങിയപ്പോൾ നിരവധി യാത്രികർ പെരുവഴിയിലായി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നിരവധി പേരാണ് കെ.എസ്.ആർ.ടി.സി ബസുകളെ പ്രതീക്ഷിച്ച് എത്തിയത്. പ്രാക്ടിക്കൽ പരീക്ഷയുണ്ടായിരുന്ന പ്ലസ് ടു വിദ്യാർഥികളും ബുദ്ധിമുട്ടിലായി. ചടയമംഗലത്തും ഒരേ ഒരു ഫാസ്റ്റ് പാസഞ്ചർ ആണ് സർവിസ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.