ജീവനക്കാര്‍ക്ക് ലീവ് അനുവദിച്ചില്ല: സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തില്‍ എ.ടി.ഒയെ ഉപരോധിച്ചു

ചടയമംഗലം: രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ലീവ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തില്‍ ചടയമംഗലം കെ.എസ്​.ആര്‍.ടി.‌സി സബ് ഡിപ്പോയില്‍ എ.ടി.ഒയെ ഉപരോധിച്ചു. രാവിലെ ആരംഭിച്ച ഉപരോധം രാത്രി വൈകിയും തുടരുകയാണ്. ഡീസല്‍ നല്‍കുന്ന ബള്‍ക്ക് പര്‍ച്ചേസില്‍നിന്ന്​ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരിന്നു രാജ്ഭവന്‍ മാര്‍ച്ച്. ഇതില്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉള്‍പ്പെടെ എട്ട് പേര്‍ പങ്കെടുത്തിരുന്നു. മുന്‍കൂട്ടി ലീവ് അപേക്ഷ എ.ടി.ഒക്ക് നല്‍കിയതിനു ശേഷമാണ് തൊഴിലാളികള്‍ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തതെന്നും എന്നാല്‍ ലീവ് നല്‍കാതെ തൊഴിലാളികളെ ദ്രോഹിക്കുന്ന സമീപനമാണ് എ.ടി.ഒ സ്വീകരിച്ചതെന്നും സി.ഐ.ടി.യു നേതാക്കള്‍ പറഞ്ഞു. പുതിയ എ.ടി.ഒ ചുമതല ഏറ്റെടുത്തതിനുശേഷം പക്ഷപാതപരമായി പെരുമാറുകയും പുതിയ സര്‍വിസുകള്‍ ആരംഭിക്കാതിരിക്കുകയും ഡിപ്പോയുടെ വരുമാനം കുറഞ്ഞതായും തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതായും ടൂറിസ്റ്റ് കേന്ദ്രമായ ചടയമംഗലത്തുനിന്ന്​ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പുതിയ ബസുകള്‍ അയക്കാന്‍ തയാറാകുന്നില്ലെന്നും യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു. ഉപരോധത്തില്‍ യൂനിയന്‍ ജില്ല സെക്രട്ടറി അനില്‍കുമാര്‍, സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് അംഗം എന്‍. ബിജു, ജില്ല കമ്മിറ്റി അംഗം എന്‍.ജെ. നവാസ്, യൂനിറ്റ് സെക്രട്ടറി സന്തോഷ്, പ്രസിഡന്‍റ്​ ശരിന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. --------------------------------------------- ആശുപത്രികൾ വെടിപ്പാക്കാൻ ഹൗസ്​ കീപ്പിങ്​ വിഭാഗം കൊല്ലം: ജില്ല ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പത്തനാപുരം നിയോജക മണ്ഡലത്തിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ശുചിത്വവും അണുമുക്തമായ അന്തരീക്ഷവും ഉറപ്പുവരുത്തുന്നതിനായി ഹൗസ് കീപ്പിങ് വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം പത്തനാപുരം പിടവൂരിലെ അരിസ്റ്റോ ഹോട്ടലില്‍ കെ.ബി. ഗണേഷ്‌ കുമാര്‍ എം.എല്‍.എ നിർവഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു മോഹന്‍ അധ്യക്ഷതവഹിച്ചു. ഹൗസ് കീപ്പിങ് വിഭാഗം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും സന്ദര്‍ശിച്ച് ശുചിത്വവും അണുമുക്തമായ അന്തരീക്ഷവും ഉറപ്പുവരുത്തി ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതാണ് പദ്ധതി. എല്ലാ ആശുപത്രികളിലെയും അറ്റന്‍ഡര്‍, നഴ്​സിങ്​ അസിസ്റ്റന്‍റ്​ വിഭാഗം ജീവനക്കാര്‍ക്ക് ഹൗസ് കീപ്പിങ് എക്‌സിക്യൂട്ടിവ് ഷിബുവിന്‍റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. ജില്ല എം.സി.എച്ച് ഓഫിസര്‍ ശ്രീജയ വാക്‌സിന്‍ കേന്ദ്രങ്ങള്‍ അണുമുക്തമാക്കുന്നതിനെ കുറിച്ചും ക്വാളിറ്റി ഓഫിസര്‍ ഡീന ദേശീയ അംഗീകാര മാനദണ്ഡങ്ങളെക്കുറിച്ചും പരിശീലനം നല്‍കി. പട്ടാഴി വടക്കേക്കര പി.എച്ച്​.സി മെഡിക്കല്‍ സൂപ്രണ്ട് ഡോ. റാണി ചന്ദ്രന്‍, എന്‍.എച്ച്​.എം പി.ആര്‍.ഒ ഹണി, ഡി.പി.എം ഡോ. ദേവ് കിരണ്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മണികണ്ഠന്‍, പത്തനാപുരം ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ബാബുലാല്‍ , പത്തനാപുരം സര്‍ക്കാര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹനീസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.