പ്രവാസിയിൽനിന്ന് ഒരു കോടി തട്ടിയ നാഗാലാൻഡ് സ്വദേശി അറസ്റ്റിൽ

കൊട്ടാരക്കര: പ്രവാസിയിൽനിന്ന്​ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാന സൂത്രധാരനായ നാഗാലാൻഡ്​ കൊഹിമ സ്വദേശി പിടിയിൽ. നാഗാലാൻഡ് കൊഹിമ സ്വദേശിയായ യാമ്പമോ ഒവുങ് (33)നെ റൂറൽ കൊല്ലം സൈബർ ൈക്രം വിഭാഗം പൊലീസ്​ ആണ്​ അറസ്റ്റ് ചെയ്തത്​. ബിസിനസ്​ പങ്കാളിയാക്കാമെന്നും ലക്ഷങ്ങൾ വിലയുള്ള ഗിഫ്റ്റ് നൽകാമെന്നും വാഗ്ദാനം ചെയ്തും ഗിഫ്റ്റ് ലഭിക്കുന്നതിന് കസ്റ്റംസ്​ ഡ്യൂട്ടി ഇനത്തിൽ പണം ആവശ്യപ്പെട്ടും ഒന്നരവർഷംകൊണ്ട് കുന്നിക്കോട് സ്വദേശി ആയ പ്രവാസിയിൽനിന്നും 1.06 കോടിയിലധികം രൂപയാണ്​ സംഘം തട്ടിയത്​. ഡൽഹി ഗുഡ്ഗാവ് ഐ.ടി പാർക്കിൽ കസ്റ്റമർ കെയർ സർവിസ്​ റെപ്രസെന്‍റേറ്റിവ് ആയി ജോലി നോക്കിവരുകയായിരുന്നു പ്രതി. സൗത്ത് ഡൽഹിയിൽ വസന്ത്കുഞ്ച് എന്ന സ്ഥലത്ത് താമസിക്കുന്ന ഇയാളെ കിഷൻഗഢിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. റൂറൽ ജില്ല പൊലീസ്​ മേധാവി കെ.ബി. രവിയുടെ നിർദേശ പ്രകാരം കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ്​ കേസ്​ എടുക്കുകയായിരുന്നു. രണ്ടാഴ്ചയോളമായി ഡൽഹിയിലും അയൽ സംസ്​ഥാനങ്ങളിലുമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പാട്യാല മെട്രോ പൊളിറ്റൻ മജിസ്​ട്രേറ്റിന്​ മുന്നിൽ ഹാജരാക്കിയ പ്രതിയെ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്​ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിനായി വാറന്‍റ്​ അനുവദിച്ചു. തിങ്കളാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കും. 47 വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ഡൽഹിയും കേന്ദ്രീകരിച്ചാണ് പ്രതികൾ തട്ടിപ്പ്​ നടത്തിയത്. മറ്റു പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്. റൂറൽ സൈബർ ക്രൈം പൊലീസ്​ സ്റ്റേഷൻ ഇൻസ്​പെക്ടർ ഏലിയാസ്​ പി. ജോർജ്, അസിസ്റ്റന്‍റ്​ സബ് ഇൻസ്​പെക്ടർ സി.എസ്​. ബിനു, സിവിൽ പൊലീസ്​ ഓഫിസർ ജി.കെ. സജിത്ത് എന്നിവരടങ്ങിയ സംഘമാണ്​ അറസ്റ്റ്​ ​ചെയ്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.