പുനർനിർമിച്ച റോഡുകൾ വീണ്ടും കുഴിക്കരുത് -മന്ത്രി ബാലഗോപാൽ

കൊട്ടാരക്കര: പുനർനിർമിച്ച റോഡുകൾ മറ്റ് നിർമാണങ്ങൾക്ക് വേണ്ടി തകർക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കൊട്ടാരക്കര മണ്ഡലത്തിലെ റോഡുകളുടെ സ്ഥിതി, നിർമാണ പുരോഗതി എന്നിവ സംബന്ധിച്ച അവലോകനയോഗത്തിലാണ് മന്ത്രിയുടെ നിർദേശം. റോഡുകളുടെ അറ്റകുറ്റപ്പണികൾ, പുനർനിർമാണം എന്നിവ നടത്തുമ്പോൾ മറ്റ് വകുപ്പുകളുമായി ഏകോപനം ഉണ്ടാകുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജല അതോറിറ്റി, ടെലികോം, കെ.എസ്.ഇ.ബി വകുപ്പുകൾ വിവിധ ആവശ്യങ്ങൾക്കായി റോഡ്​ കുഴിക്കുന്നത് വലിയ സാമ്പത്തികനഷ്ടവും പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടും സൃഷ്ടിക്കുന്നു. ഇതൊഴിവാക്കാൻ പൊതുമരാമത്തും മറ്റു വകുപ്പുകളുമായി ഏകോപനം ആവശ്യമാണ്. റോഡ് നിർമാണം ആരംഭിക്കുന്ന തിന് മുമ്പ് മറ്റ് വകുപ്പുകളുമായി ആലോചിക്കണം. നിർമാണം പൂർത്തിയായവ ഒരുകാരണത്താലും കുഴിക്കരുത്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട അവലോകനങ്ങൾ തഹസിൽദാരുടെ നേതൃത്വത്തിൽ എല്ലാമാസവും നടത്താനും മന്ത്രി നിർദേശിച്ചു. കോടികൾ ചെലവിട്ട്​ പുനർനിർമിച്ച റോഡുകൾ കുടിവെള്ളക്കുഴലുകൾ സ്ഥാപിക്കാൻ മണ്ഡലത്തിലുടനീളം വെട്ടിക്കുഴിച്ചിട്ടുണ്ട്. ഉയർന്ന നിലവാരത്തിൽ നടത്തിയ ടാറിങ്ങും കോൺക്രീറ്റും തകർത്തത് മഴക്കാലത്ത് റോഡുകളുടെ പൂർണമായ തകർച്ചക്ക്​ കാരണമാകും. ഇതു സംബന്ധിച്ച പരാതികൾ വ്യാപകമാണ്. യോഗത്തിൽ തഹസിൽദാർ പി. ശുഭൻ, പൊതുമരാമത്ത്, ചെറുകിട ജലസേചനം, ജല അതോറിറ്റി, കെ.എസ്.ടി.പി, പഞ്ചായത്ത് വകുപ്പുകളിലെ എൻജിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.