വൈദ്യശാസ്ത്ര രംഗത്ത് പരസ്പരം കുറ്റപ്പെടുത്തലുകൾ ഒഴിവാക്കണം -മുഖ്യമന്ത്രി

കൊല്ലം: വൈദ്യശാസ്ത്ര രംഗത്ത് പരസ്പരം കുറ്റപ്പെടുത്തലുകൾ ഒഴിവാക്കണമെന്നും ഏത്​ മേഖലയാണ് നല്ലതെന്ന് തുറന്നുപറയാനുള്ള മനസ്സ്​ ചികിത്സിക്കുന്ന ആൾക്കുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്‍.എസ് ആശുപത്രിയുടെ പുതിയ ആയുര്‍വേദ ആശുപത്രി കെട്ടിടം നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത വൈദ്യശാഖകള്‍ ഒന്നുചേരുന്ന അവസ്ഥ സംജാതമായാല്‍ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങളാകും ഉണ്ടാകുക. ഒന്നുമറിയാതെ പരസ്പരം വൈദ്യശാഖയെ പരിഹസിക്കരുത്. വിദഗ്ധരെ കൂടുതലായി സൃഷ്ടിക്കാനുള്ള പരിശീലന കേന്ദ്രങ്ങള്‍ കൂടുതലായി വരണം. ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്ന ഇടങ്ങളിലെല്ലാം വൈദഗ്ധ്യമുള്ളവരാണോ ഉള്ളതെന്ന് പരിശോധിക്കേണ്ടതുണ്ട്. യഥാര്‍ഥ ആയുര്‍വേദ ചികിത്സ ഉറപ്പാക്കുകയാണ് പ്രധാനം. രാജ്യാന്തരതലത്തില്‍ ഉൾപ്പെടെ ആയുര്‍വേദത്തിനുള്ള സാധ്യതകളെല്ലാം പ്രയോജനപ്പെടുത്താനാകണം. കണ്ണൂരില്‍ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത് ആ രംഗത്തെ ഗവേഷണത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ പ്രസ്ഥാനത്തിന്‍റെ ജനോപകാരപ്രദമായ പ്രത്യേകതകള്‍ ഇപ്പോള്‍ ആതുരസേവന രംഗത്തും കൂടുതലായി കാണാനാകുന്നെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സഹകരണ പ്രസ്ഥാനം രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. എം. നൗഷാദ് എം.എല്‍.എ, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, ആശുപത്രി പ്രസിഡന്‍റ് പി. രാജേന്ദ്രന്‍, സെക്രട്ടറി പി. ഷിബു, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. യശോദ, ജില്ല പഞ്ചായത്ത് അംഗം എസ്. സെല്‍വി, എന്‍.സി.ഡി.സി മേഖല ഡയറക്ടര്‍ എസ്.കെ. തെഹദൂര്‍ റഹ്മാന്‍, സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാര്‍ എസ്. മോഹനന്‍ പോറ്റി, കൊല്ലൂര്‍വിള സഹകരണ ബാങ്ക് അധ്യക്ഷന്‍ അന്‍സര്‍ അസീസ്, സഹകരണ ജീവനക്കാരുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍, എന്‍.എസ് ആയുര്‍വേദ ആശുപത്രി ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. പി.കെ. മോഹന്‍ലാല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.വി.കെ. ശശികുമാര്‍, വൈസ് പ്രസിഡന്‍റ് എ. മാധവന്‍പിള്ള എന്നിവര്‍ പങ്കെടുത്തു. ആതുര സേവനരംഗത്തെ മികവ് കണക്കിലെടുത്ത് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ്, ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. ആര്‍. സന്ധ്യ എന്നിവരെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.