പിണറായിയുടേത്​ തീവ്ര വലതുപക്ഷ വികസന നയമെന്ന്​

കൊല്ലം: ബംഗാളിൽ ബുദ്ധദേവ് ഭട്ടാചാര്യ നടപ്പാക്കിയ തീവ്ര വലതുപക്ഷ വികസന നയത്തിന്‍റെ തുടർച്ചയാണ് സംസ്ഥാനത്ത്​ പിണറായി വിജയൻ സർക്കാർ നടപ്പാക്കുന്നതെന്ന്​ ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു. നന്ദിഗ്രാം സമരം ബംഗാളിൽ സി.പി.എമ്മിന്​ ഏൽപിച്ച കനത്ത തകർച്ച കേരളത്തിലും ആവർത്തിക്കുമെന്ന്​ അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി അവതരിപ്പിച്ച വികസനരേഖയിൽ തൊഴിലാളി വികസന കാഴ്ചപ്പാട് പൂർണമായും തിരസ്കരിച്ചു​. സ്വകാര്യ മൂലധനത്തേയും വിദേശനിക്ഷേപത്തെയും പൂർണതോതിൽ സ്വാഗതം ചെയ്യുന്നതോടെ, കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്ര നിലപാടുകൾ തള്ളിക്കളയുകയാണ്. മോദി സർക്കാറിന്‍റെ ട്രേഡ് യൂനിയൻ നിയമഭേദഗതിയെ എതിർത്ത പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാടുകൾക്ക് കടകവിരുദ്ധമായാണ് തൊഴിലാളികളോടുള്ള സമീപനം. കെ-റെയിൽ പദ്ധതി തോക്കിൻകുഴലിലൂടെ നടപ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ജി. ബാലകൃഷ്ണപിള്ള, ജില്ല പ്രസിഡന്‍റ്​ ചെമ്പകശ്ശേരി ചന്ദ്രബാബു, സെക്രട്ടറി കരിക്കോട് ദിലീപ്കുമാർ, സംസ്ഥാന കമ്മിറ്റിയംഗം ആറ്റുകാൽ വിക്രമൻ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.