കോവിഡ്​ കാലത്തെ ടീം ലീഡർ

ചിത്രം കൊല്ലം: ധൈര്യം നൽകി​ മുന്നിൽ നിൽക്കാൻ ലീഡറുണ്ടായിരിക്കുക ഏതൊരു ടീമിന്‍റെയും ആത്മവിശ്വാസം കൂട്ടും. കഴിഞ്ഞ രണ്ടു വർഷമായി കൊല്ലത്തെ ആരോഗ്യ വിഭാഗത്തിന്​ കോവിഡിനോട്​ മുട്ടിനിൽക്കാൻ പലപ്പോഴും ഊർജം പകർന്നത്​ നയിക്കാനൊരു ലീഡറുണ്ട്​ എന്ന വസ്തുതയാണ്​​​. ജില്ലയുടെ ഡെപ്യൂട്ടി ഡി.എം.ഒ, കോവിഡ്​ നോഡൽ ഓഫിസർ പദവികളിലിരുന്ന്​ കോവിഡിനെതിരെ പോരാട്ടം നയിച്ച്​ വിജയിച്ച ഡോ. ആർ. സന്ധ്യയാണ്​ മികച്ച ടീം ലീഡർ എന്ന റോളും ഗംഭീരമാക്കിയത്​. രോഗം നാട്ടിൽ റിപ്പോർട്ട്​ ചെയ്യുന്നതിനുമുമ്പ്​ വിദേശ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം കൊണ്ടുവരുന്നെന്നറിഞ്ഞതു മുതൽ തുടങ്ങിയ ആ പോരാട്ടത്തിന്​ ഇന്നും അവസാനം വന്നിട്ടില്ല. എന്നാൽ, ഈ വഴിയിൽ അനുഭവങ്ങൾ കൊണ്ട്​ കൂടുതൽ കരുത്തയായിരിക്കുന്നു അവർ. ''ആ മൃതദേഹം വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ എന്ത്​ ചെയ്യണമെന്നറിയാത്ത നിസ്സഹായാവസ്ഥയിലായിരുന്നു എല്ലാവരും. കോവിഡ്​ പ്രോട്ടോകോൾ എന്ന്​ പറഞ്ഞുപോലും തുടങ്ങാത്ത ആ നാളുകളിൽ വീട്ടുകാരെ നേരിട്ട്​ പോയി കണ്ട്​ സംസാരിച്ചു. സ്ത്രീ എന്ന നിലയിൽ അവരോട്​ കാര്യങ്ങൾ തുറന്നുസംസാരിച്ച്​ ബോധ്യപ്പെടുത്താൻ ഏറെ എളുപ്പമായി. മൃതദേഹം നാട്ടിലെത്തിക്കണമെന്ന കുടുംബത്തിന്‍റെ ആഗ്രഹം നടത്തിക്കൊടുക്കാൻ മിന്നൽവേഗത്തിലാണ്​ വളന്‍റിയർ പരിശീലനം ഉൾപ്പെടെ പൂർത്തിയാക്കിയത്​. മൃതദേഹം കൈകാര്യം ചെയ്യാൻ കുടുംബാംഗങ്ങൾക്കുൾപ്പെടെ പരിശീലനം നൽകി. അങ്ങനെ തുടങ്ങിയ പോരാട്ടം പല പരീക്ഷണങ്ങളും കടന്നാണ്​ ഇപ്പോൾ രണ്ടാം തരംഗത്തി​ന്‍റെ ഒടുവിലെത്തിയിരിക്കുന്നത്​.''-അവർ പറഞ്ഞു. 'ത്രീ സീറോ പദ്ധതി' ഉൾപ്പെടെ ആവിഷ്കരിച്ച്​ സംസ്ഥാനത്തിനു​ തന്നെ മാതൃകയാകുന്ന തരത്തിൽ കൊല്ലത്തിന്‍റെ കോവിഡ്​ പ്രതിരോധം വളർത്താൻ കഴിഞ്ഞതിന്‍റെ അഭിമാനവും അവർ പങ്കുവെക്കുന്നു. രോഗവ്യാപനം രൂക്ഷമായ നാളുകളിൽ പാതിരാത്രിവരെ നീളുന്ന സേവനവും എവിടെയായിരുന്നാലും തനിക്കൊപ്പമുള്ളവർക്ക്​ വഴികാട്ടിയായും അവർ മുന്നിൽനിന്നു. വിജയത്തിന്​ ക്രെഡിറ്റ്​ ഒപ്പം പ്രവർത്തിച്ച ടീമിനാണ്​ ഡോ. സന്ധ്യ നൽകുന്നത്​. ''വളരെയധികം വെല്ലുവിളി നിറഞ്ഞതായിരുന്നു ഈ പോരാട്ടം. എന്നാൽ, ഒരിക്കലും പകച്ചുനിന്നില്ല. രണ്ടാം തരംഗം അതി കഠിനമായിരുന്നു. അപ്പോഴും ഇത്​ നേരിടാൻ സാധിക്കുമോ എന്ന സംശയമല്ല, എങ്ങനെ തരണം ചെയ്യണമെന്ന പദ്ധതി തയാറാക്കുന്നതിലായിരുന്നു ശ്രദ്ധ. സ്ത്രീകൾ ​പൊതുവെ മൾട്ടിടാസ്കിങ്​ വിദഗ്​ധർ ആണല്ലോ. സമ്മർദമേറുമ്പോഴും ​പോസിറ്റിവ്​ സമീപനത്തോടെ മുന്നിൽ നിൽക്കാനും ഒപ്പമുള്ളവർക്ക്​ വിശ്വാസം നൽകാനും കഴിഞ്ഞു എന്നത്​ തന്നെയാണ്​ ഗുണമായത്​.''-ഡോ. സന്ധ്യ വിജയരഹസ്യം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.