പ്ലസ്​ ടു വിദ്യാർഥികൾക്കായി 'തെളിമ'

കൊല്ലം: പ്ലസ്​ ടു വിദ്യാർഥികൾക്ക് പഠന പിന്തുണ നൽകുന്ന പദ്ധതിയുമായി ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായാണ്​ പദ്ധതി. തീരദേശ, വനമേഖലകൾക്ക്​ പ്രത്യേക ശ്രദ്ധ നൽകി സംസ്ഥാനത്ത്​ 56 പ്രത്യേക പഠനകേന്ദ്രങ്ങൾ ഇതിനായി തയാറാക്കിയിട്ടുണ്ട്. പ്രത്യേക അധ്യാപകരുടെ സംഘം രാത്രിയും കൂടി പ്രവർത്തിച്ചാണ് പഠന പിന്തുണ നൽകുന്നത്. പഠന സഹായികൾ സൗജന്യമായി ലഭ്യമാക്കും. എല്ലാ കേന്ദ്രങ്ങളിലും ലഘു ഭക്ഷണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എൻ.എസ്​.എസ്​ യൂനിറ്റുകളുടെ നേതൃത്വത്തിൽ സായാഹ്ന ക്ലാസുകളും ക്രമീകരിച്ചിട്ടുണ്ടെന്ന്​ എൻ.എസ്​.എസ്​ ജില്ല കൺവീനർ കെ.ജി. പ്രകാശ്​, ഗ്ലാഡിസൺ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഓഫ് ലൈൻ, ഓൺലൈൻ ക്ലാസുകളിലൂടെ പഠന നിലവാരം മെച്ചപ്പെടുത്താനാണ്​ ലക്ഷ്യമിട്ടിട്ടുള്ളത്​. കൗൺസലിങ്​, മോട്ടിവേഷൻ ക്ലാസുകൾ, ഫോൺ കോൾ സെന്‍റർ തുടങ്ങിയവയും വിദ്യാർഥികൾക്കായി ഒരുക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി ശനിയാഴ്ച രാവിലെ 11ന്​ ആലപ്പാട് റോട്ടറി ക്ലബ് ഹാളിൽ നിർവഹിക്കും. വിദ്യാർഥികൾക്കുള്ള പഠന സഹായികളുടെ വിതരണോദ്​ഘാടനം എ.എം. ആരിഫ് നിർവഹിക്കും. സി.ആർ. മഹേഷ് അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.