ഇനിയുമെത്താതെ ഇമിഗ്രേഷൻ സൗകര്യം

കൊല്ലം: ഏറെക്കാലമായി കൊല്ലം തുറമുഖം കാത്തിരിക്കുന്ന ഇമിഗ്രേഷൻ, പ്ലാന്‍റ്​ ക്വാറ​​ന്‍റീൻ സൗകര്യങ്ങൾ യാഥാർഥ്യമാകുന്നത്​ ഇനിയുമകലെ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒത്തുചേർന്ന്​ ഒരുക്കേണ്ട ഈ സൗകര്യങ്ങൾക്ക്​ വേണ്ട നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്​. ഇമിഗ്രേഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നതിനുള്ള ഇലക്​ട്രോണിക് സൗകര്യങ്ങളും കെട്ടിടവും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സംസ്ഥാനമാണ്. കേന്ദ്ര ഷിപ്പിങ്​, ആഭ്യന്തര മന്ത്രാലയങ്ങള്‍ നിശ്ചിത നിബന്ധനപ്രകാരം അടിസ്ഥാന സൗകര്യമൊരുക്കി അറിയിക്കണമെന്ന് പലപ്രാവശ്യം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലെ കാലതാമസം വലിയ വിമർശനമുയർത്തുമ്പോഴും മെ​ല്ലപ്പോക്ക്​ തുടരുകയാണ്​​. സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രോട്ടോകോള്‍ പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളാണ്​ തുറമുഖത്ത്​ ഒരുക്കേണ്ടത്​. അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി പൂർത്തിയായാലേ കേ​ന്ദ്രം ഇക്കാര്യത്തിൽ തുടർനടപടികൾ കൈക്കൊണ്ട്​ ഇമിഗ്രേഷന്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുകയുള്ളൂ. ഇതിനായി സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര ഷിപ്പിങ്​, ആഭ്യന്തരവകുപ്പ്​ മന്ത്രിമാർക്കും സെക്രട്ടറിമാർക്കും കേരളത്തിലെ തുറമുഖവകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും കത്ത് നല്‍കി. ഇരു സര്‍ക്കാറുകളുടെയും ഭാഗത്തുനിന്നുള്ള കാലതാമസമാണ് ഇമിഗ്രേഷന്‍ ഓഫിസ് പ്രവര്‍ത്തനം അനന്തമായി നീട്ടുന്നതെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഗുരുതര കാലതാമസമാണ് സംസ്ഥാനത്തിന്‍റെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുവാനുള്ള നടപടികള്‍ മുന്‍ഗണന നല്‍കി നടപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കണമെന്നും എം.പി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.