ജില്ലയിലെ ആദ്യ മിൽമാ ഫുഡ് ട്രക്ക് ഉദ്ഘാടനം ചെയ്തു

കരുനാഗപ്പള്ളി: ജില്ലയിലെ ആദ്യ മിൽമാ ഫുഡ് ട്രക്ക് കരുനാഗപ്പള്ളിയിൽ. ട്രക്കിന്‍റെ ഉദ്​ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. പാലുൽപാദനത്തിൽ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന്​ മന്ത്രി പറഞ്ഞു. ഡിപ്പോയിലെ കണ്ടംചെയ്ത കെ.എസ്.ആ.ടി.സി ബസാണ് മിൽമാ ഉൽപന്നങ്ങൾ വിൽക്കുന്ന കടയാക്കി മാറ്റിയത്. മിൽമ തിരുവനന്തപുരം മേഖലാ യൂനിയൻ കെ.എസ്.ആർ.ടി.സി യുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഉപയോഗശൂന്യമായ ബസിനെ മിൽമാ ബൂത്തായി മാറ്റിയിരിക്കുന്നത്. മിൽമയുടെ എല്ലാത്തരം ഉൽപന്നങ്ങളും ഇവിടെ ലഭിക്കും. ഉപഭോക്താക്കൾക്ക് ഇരുന്ന് ചായയും ലഘുഭക്ഷണവും കഴിക്കാൻ ഇരിപ്പിടങ്ങളും ബസിനുള്ളിൽ തയാറാക്കിയിട്ടുണ്ട്. സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ സുനിമോൾ ആദ്യ വിൽപന നിർവഹിച്ചു. മിൽമ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ സ്വാഗതം പറഞ്ഞു. മാനേജിങ്​ ഡയറക്ടർ ഡി.എസ്. കോണ്ട റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ കെ.ആർ. മോഹനൻപിള്ള, വി.എസ്. പത്മകുമാർ, എ.ടി.ഒ സി.കെ. രത്നാകരൻ, മിൽമ സീനിയർ മാനേജർ ഡോ. ആർ.കെ സാമുവേൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.