അഞ്ച് കൊല്ലം കഴിഞ്ഞിട്ടും തുറക്കാതെ തൊഴിൽ പരിശീലന കേന്ദ്രം

കടയ്ക്കൽ: പണി പൂർത്തീകരിച്ചിട്ട് കൊല്ലം അഞ്ചായിട്ടും പ്രവർത്തനം തുടങ്ങാതെ തൊഴിൽ പരിശീലന കേന്ദ്രം. തൊഴിൽ രഹിതരായ യുവതീയുവാക്കൾക്ക് വിവിധ തൊഴിലുകളിൽ പരിശീലനം നൽകുന്നതിനായി കടയ്ക്കൽ, ചായിക്കോട് നിർമിച്ച കെട്ടിടമാണ് തുറക്കാത്തത്. ജില്ല പഞ്ചായത്ത് 2017-18 ൽ 15 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. കെട്ടിടം നിർമിക്കാൻ അധികൃതർ കാട്ടിയ ഉത്സാഹം തുടർ പ്രവർത്തനങ്ങൾക്കുണ്ടായില്ല. പഞ്ചായത്ത് വക സ്ഥലത്ത് നിർമിച്ച കെട്ടിടം കാടുകയറി സാമൂഹിക വിരുദ്ധരുടെ താവളമായി. മുന്നിലെ ഗേറ്റും ജനാലകളുടെ ചില്ലുകളും തകർത്ത നിലയിലാണ്. പിൻഭാഗത്ത് കെട്ടിടത്തിലേക്ക് വള്ളി പടർപ്പുകൾ കയറി. മേശയും കസേരയും ഉൾപ്പെടെയുള്ള ഉപയോഗശൂന്യമായ ഫർണിച്ചർ കൊണ്ട് നിറച്ചിരിക്കുകയാണ് ഉൾവശം. വർഷങ്ങളായി തുറക്കാത്തതിനാൽ ഇവ മാറാലയിൽ മുങ്ങി നിൽക്കുന്നു. ടൗണിൽനിന്ന്​ രണ്ടര കിലോമീറ്റർ അകലെ റബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഒഴിഞ്ഞ മേഖലയിലാണ് കെട്ടിടം. ചിത്രം: തൊഴിൽ പരിശീലന കേന്ദ്രത്തിനായി നിർമിച്ച കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.