വാട്ടര്‍ അതോറിറ്റി അച്ചന്‍കോവില്‍ പമ്പ് ഹൗസില്‍ സാമൂഹിക വിരുദ്ധ ആക്രമണം

വാതില്‍ തകര്‍ത്ത സംഘം മോട്ടോറുകള്‍ നശിപ്പിച്ചു പത്തനാപുരം: അച്ചന്‍കോവില്‍ പമ്പ് ഹൗസില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. കഴിഞ്ഞ ദിവസം രാത്രി അതിക്രമിച്ച് കയറിയ സംഘം മോട്ടോറുകള്‍ നശിപ്പിച്ചു. വാട്ടര്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ് അച്ചന്‍കോവിലിലെ പമ്പ് ഹൗസ്. മേഖലയിലെ രണ്ടായിരത്തിലധികം കുടുംബങ്ങള്‍ ഈ കുടിവെള്ളപദ്ധതിയെയാണ് ആശ്രയിക്കുന്നത്. മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് സംഘം ഉള്ളില്‍ പ്രവേശിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തനക്ഷമമായിരുന്ന മോട്ടോറുകള്‍ നശിപ്പിക്കുകയും ഓണ്‍ ചെയ്ത് ഇടുകയും ചെയ്തു. പമ്പിങ്ങിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന വൈദ്യുതി പാനല്‍ ബോര്‍ഡ് പൂര്‍ണമായും നശിപ്പിച്ചു. മേഖലയില്‍ തുടര്‍ച്ചയായി സാമൂഹിക വിരുദ്ധശല്യം ഉണ്ടാകാറുണ്ട്. വേനല്‍ കടുക്കുന്നതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാകുന്ന മേഖലയാണ് അച്ചന്‍കോവില്‍. മോട്ടോറുകള്‍ കേടുപാടുകള്‍ വന്നതോടെ പ്രദേശത്തെ ജലവിതരണവും ബുദ്ധിമുട്ടിലായിരിക്കുകയാണ്. രാത്രിയായാല്‍ മദ്യപാനികളുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാണ് പമ്പ് ഹൗസും പരിസരപ്രദേശങ്ങളെന്നും നാട്ടുകാര്‍ പറയുന്നു. പടം.....അച്ചന്‍കോവില്‍ പമ്പ് ഹൗസിന്റെ മുന്‍ഭാഗത്തെ വാതിൽ തകര്‍ത്ത നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.