ട്രെയിൻവഴി കഞ്ചാവ് കടത്ത്: രണ്ട്​ പ്രതികൾകൂടി പിടിയിൽ

കൊല്ലം: റെയിൽവേ സ്റ്റേഷനിൽ അനന്തപുരി എക്സ്​പ്രസിൽ 19.566 കിലോ കഞ്ചാവ് പിടിച്ച കേസിൽ രണ്ട്​ പ്രതികൾകൂടി അറസ്റ്റിലായി. ഒന്നും മൂന്നും പ്രതികളായ പാരിപ്പള്ളി കിഴക്കനേല ചന്നം പൊയ്കയിൽ വിളയിൽ വീട്ടിൽ (ചരുവിള) കെ. വിഷ്ണു (25), തിരുവനന്തപുരം പേട്ട ആനയറ റെയിൽവേ പാലത്തിന് സമീപം മുടുമ്പിൽ വീട്ടിൽ വിഷ്ണു ചന്ദ്രൻ (26) എന്നിവരെ തിരുവനന്തപുരം വലിയതുറയിൽനിന്നാണ്​ പിടികൂടിയത്​. ഇവർ വെട്ടുകാട് ബീച്ചും വർക്കല റിസോർട്ടുകളും കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുകയായിരുന്നു. കേസിൽ ഇതുവരെ നാല്​ പ്രതികൾ പിടിയിലായി. തമിഴ്നാട്ടിൽ കഞ്ചാവ് കുറ്റത്തിന് പിടിയിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശികളായ ജാക്സൺ, സൂരജ് എന്നിവരെ ചെന്നൈയിലെ ജയിലിൽ പോയി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 13നാണ്​ ട്രെയിനിൽനിന്ന്​ കഞ്ചാവ്​ പിടികൂടിയത്​. ഒഡിഷയിൽനിന്ന്​ വാങ്ങിയ കഞ്ചാവ്​ വിൽപനക്കായി കേരളത്തിലേക്ക്​ കടത്തുകയായിരുന്നു. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്​. കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് അദേഹം അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ എസ്. ഷാജി, ടി. രാജു, പ്രിവന്‍റീവ് ഓഫിസർമാരായ എം. മനോജ് ലാൽ, സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ വിഷ്ണു, ജൂലിയൻ ക്രൂസ്, ശ്രീനാഥ്, അജീഷ് ബാബു, വിമൽ, വൈശാഖ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ ശാലിനി ശശി, ജി. ഗംഗ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.