ജില്ല വികസനസമിതി യോഗം: കുടിവെള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ നിർദേശം

കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസുകള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കണ​െമന്ന്​ ആവശ്യം കൊല്ലം: ജില്ലയിലെ വിവിധ ഇടങ്ങളിലെ കുടിവെള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ ജില്ല വികസന സമിതി യോഗത്തില്‍ നിർദേശം. കല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട കനാലുകളിലെ അറ്റകുറ്റപ്പണികള്‍ പരിഹരിക്കാനും ശുചീകരണം അടിയന്തരമായി പൂര്‍ത്തിയാക്കാനും കലക്ടര്‍ അഫ്സാന പര്‍വീണ്‍ നിർദേശം നല്‍കി. പി.എസ്. സുപാല്‍ എം.എല്‍.എയാണ് വിഷയം ഉന്നയിച്ചത്. അഞ്ചല്‍ ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കല്‍, പുനലൂര്‍ മുനിസിപ്പാലിറ്റി പരിധിയിലെ ശാസ്താംകടവ് പാലം നിര്‍മാണം എന്നിവ എത്രയും വേഗം പൂര്‍ത്തിയാക്കണം എന്നും ആവശ്യപ്പെട്ടു. ഓച്ചിറയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും സി.ആര്‍. മഹേഷ് എം.എല്‍.എ ചൂണ്ടിക്കാട്ടി. റോഡുകളുടെ പുനര്‍നിര്‍മാണത്തോടൊപ്പം ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കണമെന്ന് എം. നൗഷാദ് എം.എല്‍.എയുടെ പ്രതിനിധി കെ.പി. നന്ദകുമാര്‍ ആവശ്യപ്പെട്ടു. കൊട്ടാരക്കര-ഓയൂര്‍ റോഡ് ഉള്‍പ്പെടെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്നും കല്ലട ജലസേചന പദ്ധതിയില്‍ വെള്ളം തുറന്നുവിടുന്നതിനുവേണ്ട നടപടി എടുക്കണമെന്നും മന്ത്രി കെ.എന്‍. ബാലഗോപാലിന്‍റെ പ്രതിനിധി അഡ്വ. പി.കെ. ജോണ്‍സണ്‍ പറഞ്ഞു. ടിപ്പര്‍ ലോറികളുടെ അമിത വേഗം നിയന്ത്രിക്കുന്നതിന് വേണ്ട നടപടിയെടുക്കണമെന്ന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പ്രതിനിധി സജിമോന്‍ പറഞ്ഞു. കൊട്ടാരക്കര മേഖലയില്‍ ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കണമെന്നും കുടിവെള്ള പദ്ധതിയുടെ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി യുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തി​െവച്ചിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസുകള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. വേണ്ട നടപടി സ്വീകരിക്കാന്‍ ആര്‍.ടി.ഒക്ക്​ കലക്ടര്‍ നിർദേശം നല്‍കി. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം എന്‍. സാജിതാബീഗം, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.