പൊലീസ്​ സേനയിലും കോവിഡ് വ്യാപനം

കൊല്ലം: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് പൊലീസിലും പ്രതിസന്ധിയുണ്ടാക്കുന്നു. എ.ആർ ക്യാമ്പിൽ കഴിഞ്ഞ ദിവസം വരെ 29 പേരാണ് കോവിഡ് പോസിറ്റീവായത്. വിവിധ സ്റ്റേഷനുകളിലും രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. ദിവസം തോറും പോസിറ്റീവാകുന്നവരുടെ എണ്ണം വർധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. രോഗവ്യാപനം ജില്ലയിലെ ആഭ്യന്തര സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും വിഘാതം സൃഷ്ടിക്കുന്ന തരത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ലഭ്യത കുറയ്ക്കുന്ന തരത്തിലേക്ക് കടക്കുകയാണ്. ഉദ്യോഗസ്ഥരുടെ സുരക്ഷയെ കരുതി നിലവിലെ ഡ്യൂട്ടികളിൽ ക്രമപ്പെടുത്തലുകൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കേരള പൊലീസ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്​. കോവിഡ് പ്രതിരോധ ഡ്യൂട്ടി, ക്രമസമാധാന പാലനം, ട്രാഫിക്ക്, ഡ്രൈവിങ് ഡ്യൂട്ടി, സ്റ്റേഷനുകളിലെ മറ്റ് ദൈനംദിന ഡ്യൂട്ടി എന്നിവയിൽ സമ്പർക്കം ലഘൂകരിച്ച് രോഗവ്യാപനം തടയണം. ഇതിനായി ജില്ലയിലെ എല്ലാ യൂനിറ്റുകളിലെയും മൂന്നിലൊന്ന് അംഗസംഖ്യയെ മുൻകാലങ്ങളിലെന്ന പോലെ റിസർവ് ചെയ്യുന്നതിനും സാധ്യമായ മേഖലകളിൽ വർക്ക് അറ്റ് ഹോം സംവിധാനത്തിലേക്ക്​ മാറ്റുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും കാട്ടി ജില്ല പൊലീസ് മേധാവിക്ക് അസോസിയേഷൻ കത്ത് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.