നേതൃത്വത്തിന്​ ഇനി യുവമുഖം

കൊല്ലം: സി.പി.ഐക്ക്​ ഇനി ജില്ലയിൽ നേതൃത്വമുഖമായി യുവരക്തം. പ്രായം 50 പിന്നിട്ടെങ്കിലും പാർട്ടിയുടെ ജില്ല നേതൃത്വത്തിന്‍റെ മുൻനിരയിൽ യുവസാന്നിധ്യമുറപ്പിച്ചാണ്​ പി.എസ്​. സുപാൽ എം.എൽ.എ ജില്ല സെക്രട്ടറിയാകുന്നത്​. പ്രായത്തിലെ കുറവ്​ തന്നെയാണ്​ സെക്രട്ടറി സ്ഥാനത്തേക്ക്​ സുപാലിന്​ നറുക്ക്​ ഉറപ്പിച്ചതും. ​പ്രമുഖ സി.പി.ഐ നേതാവായിരുന്ന പിതാവ്​ പി.കെ. ശ്രീനിവാസന്‍റെ മേൽവിലാസമുണ്ടായിരുന്നെങ്കിലും വിദ്യാർഥി രാഷ്ട്രീയത്തിൽ സ്വപ്രയത്നത്തിൽ പൊരുതിത്തെളിഞ്ഞാണ്​ പി.എസ്​. സുപാൽ രാഷ്ട്രീയക്കളത്തിൽ ചുവടുറപ്പിച്ചത്​. അഞ്ചൽ ഏരൂരിൽ സ്കൂൾ വിദ്യാർഥിയായിരിക്കെതന്നെ എ.ഐ.എസ്.എഫിലൂടെ രാഷ്​ട്രീയത്തിലേക്ക്​ ഇറങ്ങിയ സുപാൽ, എ.ഐ.വൈ.എഫിന്‍റെ സംസ്ഥാന-ദേശീയ തലത്തിലേക്കും വളർന്നു. 1996ൽ തന്‍റെ 26ാം വയസ്സിൽ പിതാവിന്‍റെ വിയോഗത്തെ തുടർന്ന്​ അദ്ദേഹ​ത്തിന്‍റെ സ്വന്തം മണ്ഡലമായ പുനലൂരിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച്​ പാർലമെന്‍ററി രാഷ്ട്രീയത്തിലേക്ക്​ ചുവടുവെച്ചു. തൊട്ടടുത്ത തെരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ച സുപാൽ, 2006 മുതൽ പിന്നെ പാർട്ടിയുടെ പിന്നണിയിലായി പ്രവർത്തനം. നീണ്ട 15 വർഷത്തോളം തുടർന്ന ഇടവേളക്ക്​ ശേഷം കഴിഞ്ഞ വർഷമാണ്​ തന്‍റെ തട്ടകമായ പുനലൂരിലേക്ക്​ തന്നെ തെരഞ്ഞെടുപ്പ്​ ഗോദയിൽ വീണ്ടുമെത്തിയത്​. ജില്ലയിലെ ഏറ്റവും മികച്ച ഭൂരിപക്ഷവുമായി നിയമസഭയിലേക്കും ചുവടുവെച്ചു. പാർട്ടിതലത്തിൽ കാനം, പ്രകാശ്ബാബു, ഇസ്മയിൽ പക്ഷങ്ങൾ ചേരിതിരിഞ്ഞ് നിൽക്കുന്ന കൊല്ലത്തെ സി.പി.ഐയിൽ പ്രകാശ്ബാബു പക്ഷത്തായിരുന്നു നേരത്തേ പി.എസ്. സുപാൽ. സമീപകാലത്തായി പ്രത്യേകിച്ച് ഒരു വിഭാഗത്തിന്‍റെയും ഭാഗമല്ലെന്നും കാനം പക്ഷത്താണെന്നും പ്രചാരണമുണ്ട്​. പ്രകാശ്ബാബു പക്ഷത്ത് നിൽക്കുമ്പോൾ കാനം പക്ഷക്കാരനായ സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രനുമായി ജില്ല എക്സിക്യുട്ടിവ് യോഗത്തിൽ വാക്കേറ്റം ഉണ്ടായതുമായി ബന്ധപ്പെട്ട് 2020 ഡിസംബറിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. മൂന്നു മാസത്തിനു ശേഷമാണ് നടപടി പിൻവലിച്ചത്. ജനപ്രതിനിധി എന്നനിലയിലും പാർട്ടി പ്രവർത്തകൻ എന്നനിലയിലും സജീവമായി ജില്ലയിൽ നിറഞ്ഞുനിൽക്കുന്ന സുപാൽ നേതൃത്വത്തിലേക്ക്​ വരുമ്പോൾ പാർട്ടിക്ക്​ രാജ്യത്ത്​ തന്നെ ഏറ്റവും അംഗങ്ങളുള്ള ജില്ലയിൽ പൂർവാധികം ശക്തിയോടെ സി.പി.ഐയെ വളർച്ചയിലേക്ക്​ നയിക്കാനാകും എന്ന പ്രതീക്ഷയാണ്​ നിറയുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.