ചിത്രം കൊല്ലം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തുന്ന 'ഭാരത് ജോഡോ' പദയാത്ര കോൺഗ്രസിനെ വർധിതവീര്യത്തോടുകൂടി തിരിച്ചുകൊണ്ടുവരാനുള്ള ഏറ്റവും വലിയ പദ്ധതിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. രാജ്യമെമ്പാടും കോൺഗ്രസിനെ ഉയർത്തെഴുന്നേൽപ്പിക്കുന്നതിന് നടത്തുന്ന ഈ പദയാത്രയുടെ വിജയത്തിന് കൂട്ടായ യത്നം ആവശ്യമാണെന്നും എല്ലാ വിയോജിപ്പുകളും മറന്ന് നേതാക്കളും പ്രവർത്തകരും അതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഭാരത് ജോഡോ' പദയാത്ര സംഘാടനം ചർച്ച ചെയ്യാൻ ഡി.സി.സിയിൽ ചേർന്ന ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ഡി. സതീശൻ. സെപ്റ്റംബർ 14ന് ഉച്ചക്ക് കൊല്ലം ജില്ല അതിർത്തിയിൽ പദയാത്രക്ക് സ്വീകരണം നൽകും. രണ്ടരദിവസം കൊണ്ട് ദേശീയപാത വഴി 58 കിലോമീറ്റർ ജില്ലയിൽ പര്യടനം നടത്തും. യാത്രയുടെ വിജയത്തിനായി ജില്ല തലം മുതൽ ബൂത്ത് തലത്തിൽ വരെ അടിയന്തരമായി സ്വാഗതസംഘം രൂപവത്കരിച്ച് വിട്ടുവീഴ്ചയില്ലാതെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. രാഹുൽ ഗാന്ധിക്കൊപ്പം ത്രിവർണസാഗരം ഒഴുകിവരുന്ന പ്രതീതിയിൽ പ്രവർത്തകർ പങ്കെടുക്കുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തണമെന്നും വി.ഡി. സതീശൻ പറഞ്ഞു. രമേശ് ചെന്നിത്തല, യാത്ര സംസ്ഥാന കോഓഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്, പദയാത്ര ജില്ല കോഓഡിനേറ്റർ കെ.സി. രാജൻ, ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു. നേതാക്കളായ പഴകുളം മധു, എം.എം. നസീർ, ശൂരനാട് രാജശേഖരൻ, എൻ. അഴകേശൻ, ബിന്ദുകൃഷ്ണ, അഡ്വ. ഷാനവാസ് ഖാൻ, ജ്യോതികുമാർ ചാമക്കാല, കെ. സുരേഷ് ബാബു, എൻ. ചന്ദ്രശേഖരൻ, കെ.ജി. രവി, എഴുകോൺ നാരായണൻ, തൊടിയൂർ രാമചന്ദ്രൻ, സൂരജ് രവി, എ.കെ. ഹഫീസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.