'റേഷന്‍കട തലങ്ങളില്‍ വിജിലന്‍സ് കമ്മിറ്റികള്‍ രൂപവത്​കരിക്കണം'

കൊല്ലം: പൊതുവിതരണ സംവിധാനം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി ജില്ലയില്‍ റേഷന്‍കട തലങ്ങളില്‍ വിജിലന്‍സ് കമ്മിറ്റികള്‍ അടിയന്തരമായി രൂപവത്​കരിക്കാന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷന്‍ ചെയര്‍മാന്‍ കെ.വി. മോഹന്‍കുമാര്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭക്ഷ്യസുരക്ഷാ ജില്ലതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായ തൂക്കത്തിലും അളവിലും സമയബന്ധിതമായി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് വിജിലന്‍സ് കമ്മിറ്റികള്‍. റേഷന്‍ വിതരണത്തിലെ തടസ്സങ്ങള്‍, അര്‍ഹര്‍ക്ക് ലഭ്യമാകാതിരിക്കുക, ഗുണമേന്മയിലും തൂക്കത്തിലും ഉണ്ടാകുന്ന കുറവ് എന്നീ പരാതികള്‍ പൊതുജനങ്ങള്‍ക്ക് വിജിലന്‍സ് കമ്മിറ്റിയെ അറിയിക്കാം. താഴെത്തട്ടിലുള്ള റേഷന്‍കട തലങ്ങളില്‍ വിജിലന്‍സ് കമ്മിറ്റി രൂപവത്​കരിക്കുന്നതിന്‍റെ പ്രാധാന്യം സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് ജില്ല സപ്ലൈ ഓഫിസര്‍ അവബോധം നല്‍കണം. വിജിലന്‍സ് കമ്മിറ്റികളില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കണം. മൂന്നു മാസത്തിലൊരിക്കല്‍ അവലോകനയോഗം ചേരാനും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കമീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിർദേശം നല്‍കി. കൊല്ലം എഫ്.സി.ഐ ഗോഡൗണില്‍ ഉണ്ടായ തൊഴിലാളികളുടെ പണിമുടക്ക് റേഷന്‍ വിതരണത്തെ ബാധിക്കാത്ത വിധത്തില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി പ്രശ്‌നം പരിഹരിച്ച ഉദ്യോഗസ്ഥരെ ഭക്ഷ്യസുരക്ഷാ കമീഷന്‍ ചെയര്‍മാന്‍ അഭിനന്ദിച്ചു. കഴിഞ്ഞ മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ എട്ട് റേഷന്‍ കടകള്‍ സസ്‌പെന്‍ഡ് ചെയ്തതായും 2324 പരിശോധനകളിലായി പിഴയിനത്തില്‍ 11,70,791 രൂപ ഈടാക്കിയതായും ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. യോഗത്തില്‍ എ.ഡി.എം ആര്‍. ബീനറാണി, സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമീഷന്‍ അംഗം അഡ്വ. സബിത ബീഗം, ജില്ല സപ്ലൈ ഓഫിസര്‍ മോഹന്‍ കുമാര്‍, എഫ്.സി.ഐ ഡിവിഷനല്‍ മാനേജര്‍ പി.എന്‍. ഹെൻട്രി, വനിതാ ശിശു വികസന ഓഫിസര്‍ പി. ബിജി, ഐ.സി.ഡി.എസ് ജില്ല പ്രോജക്ട് ഓഫിസര്‍ ടിജു റെയ്ച്ചല്‍ തോമസ്, വിവിധ സപ്ലൈ ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.