പന്മന ആശ്രമത്തിൽ ഗാന്ധിയുടെ പാദസ്പർശമേറ്റിട്ട് 88 വർഷം ചിത്രം ചവറ: ചട്ടമ്പിസ്വാമിയുടെ സമാധി മന്ദിരമായ പന്മന ആശ്രമം മഹാത്മാഗാന്ധിയുടെ സന്ദർശനത്തോടെ ചരിത്രത്താളുകളിലേറിയിട്ട് 88 വർഷം. 1934 ജനുവരി 19 നാണ് മഹാത്മാഗാന്ധി ഹരിജൻ ഫണ്ട് ശേഖരാണാർഥം പന്മന ആശ്രമം സന്ദർശിച്ചത്. പന്മന ആശ്രമത്തിന്‍റെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായ കുമ്പളത്ത് ശങ്കുപിള്ള മുൻകൈ എടുത്താണ് അദ്ദേഹത്തെ കൊണ്ടുവന്നത്. രണ്ടു ദിവസം അവിടെ തങ്ങിയ ഗാന്ധി പ്രാർഥന നടത്തുകയും ആശ്രമത്തിന് സമീപം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയും ചെയ്തു. തടിച്ചുകൂടിയ വൻ ജനാവലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച ഗാന്ധി അനാവശ്യ ചെലവുകൾ ഒഴിവാക്കി സമൂഹത്തിൽ അസമത്വം അനുഭവിക്കുന്നവരെ മുഖ്യധാരയിലെത്തിക്കണമെന്നും രാജ്യത്തിന്‍റെ മോചനത്തിനായി ആത്മധൈര്യത്തോടെ പ്രവർത്തിക്കാനും ആഹ്വാനം നടത്തി. ഹരിജൻ ഫണ്ടിലേക്ക് സമ്മേളനത്തിൽ പിരിച്ച 500 ൽ അധികം രൂപ കുമ്പളത്ത് ശങ്കുപ്പിള്ള ഗാന്ധിക്ക് കൈമാറി. ഗാന്ധിക്കും കൂടെ ഉള്ളവർക്കുമായി വിശ്രമിക്കാൻ കെട്ടിടം, പ്രത്യേക ഭക്ഷണം, മറ്റ് സൗകര്യങ്ങൾ എല്ലാം നേരത്തേ തയാറാക്കിയിരുന്നു. കോലാടിന്‍റെ പാൽ മാത്രം ഉപയോഗിക്കുന്ന ഗാന്ധിക്കുവേണ്ടി കോലാടിനെയും എത്തിച്ചിരുന്നു. തിരുവിതാംകൂറിൽ അയിത്തോച്ചാടന സമരത്തിനു വേദിയായ സമാധി മന്ദിരത്തിന് മുൻവശത്തെ പ്ലാക്കാട്ടുകുളത്തോടിനോട് ചേർന്നുള്ള പാതയിലൂടെയാണ് അന്ന് ഗാന്ധി കടന്നുപോയത്. പാതക്ക് പിന്നീട് മഹാത്മാഗാന്ധി റോഡ് എന്ന് പേരിട്ടു. ഗാന്ധിയുടെ സന്ദർശനത്തിന്‍റെ സ്മരണക്കായി ഗാന്ധിയുടെ ശിഷ്യ മീരാബെൻ അന്ന് രാത്രി ഒരു വേപ്പിൻതൈ ആശ്രമത്തിന് സമീപം നട്ടു. ആ വേപ്പിൻ മരവും ഗാന്ധി താമസിച്ച സ്ഥലവും സ്മാരകമായി ഇന്നും സംരക്ഷിച്ചു പോരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.