ബൈക്കില്‍ സഞ്ചരിച്ച പിതാവിനെയും മകളെയും കാട്ടാന ആക്രമിച്ചു

ചിത്രം- പുനലൂര്‍: കരുനാഗപ്പള്ളിയില്‍നിന്ന്​ അച്ചന്‍കോവിലിലേക്ക് ബൈക്കില്‍ വന്ന പിതാവിനെയും മകളെയും കാട്ടാന ആക്രമിച്ചു. ആക്രമത്തില്‍ സാരമായി പരിക്കേറ്റ ഇരുവരെയും പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി ചെന്നിവിള പുത്തന്‍വീട്ടില്‍ അബ്ദുല്‍ നവാസ് (46), മകള്‍ നഹില (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അച്ചന്‍കോവില്‍ ഗവ.വി.എച്ച്.എസ്​.ഇയില്‍ നഹിലയുടെ പ്രവേശനം സംബന്ധിച്ച ആവശ്യത്തിന് എത്തിയതായിരുന്നു ഇവര്‍. തിരികെ അച്ചൻകോവിലിലേക്ക്​ ഗൂഗ്​ൾ മാപ്പ്​ നോക്കി പോകുംവഴി വഴിതെറ്റിയാണ്​ ബൈക്കില്‍ കോന്നിയിലെത്തി വനത്തിലൂടെയുള്ള കല്ലേലി റോഡിലെത്തിയത്​. തുടർന്ന്​ മുന്നോട്ടുപോകുമ്പോഴാണ്​ മണ്ണാറപ്പാറ റേഞ്ചിലെ നടുവത്തുമൂഴിയില്‍വെച്ച്​ കാട്ടാന ഇവരുടെ മുന്നിലെത്തിയത്​. തുടർന്ന്​ കാട്ടാന ആക്രമിക്കുകയായിരുന്നു. ബൈക്കിനും നാശംവരുത്തി. അബ്ദുല്‍ നവാസിന് ഇടതുകാലിനും നെഞ്ചിനും കാര്യമായ പരിക്കുണ്ട്. കാട്ടാന ഇവരെ ആക്രമിക്കുന്നത്​ കണ്ട്​ സമീപത്തുനിന്നിരുന്നയാൾ ഓടിയെത്തി കാട്ടാനയെ വിരട്ടിയോടിക്കുകയായിരുന്നു. തുടർന്ന്​ പരിക്കേറ്റ പിതാവിനെയും മകളെയും ഇവരുടെ പിന്നാലെയെത്തിയ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവര്‍ അച്ചന്‍കോവിലിലെ ആശുപത്രിയിലെത്തിച്ചു. പ്രാഥമികചികിത്സക്ക് ശേഷം ഇരുവരെയും ജീപ്പില്‍ ഉച്ചയോടെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.