കടലിൽ വീണ ഏഴുമത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊല്ലം: മഴയും കാറ്റും തുടരവേ കടലിൽപോയ മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികൾ അത്യാഹിതത്തിൽനിന്ന്​ തലനാരിഴക്ക്​ രക്ഷപ്പെട്ടു. രണ്ടു വ്യത്യസ്ത അപകടങ്ങളിലായി കടലിൽ വീണ ഏഴു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അഴീക്കൽ തുറമുഖത്തുനിന്ന്​ പോയ മത്സ്യബന്ധന ബോട്ട്​ ശക്തമായ തിരയിൽപെട്ട്​ മൂന്നു മത്സ്യത്തൊഴിലാളികൾ കടലിൽ വീഴുകയായിരുന്നു​. തിങ്കളാഴ്ച വൈകീട്ട്​​ നാലോടെയായിരുന്നു അപകടം. ചേറ്റുവയിൽനിന്നുള്ള ബിലാൽ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ്​ ശക്തമായ തിരയിൽ ബോട്ട്​ ആടിയുലഞ്ഞപ്പോൾ അപകടത്തിൽപെട്ടത്​. ബീച്ചിന്​ സമീപംവരെ നീന്തിയെത്തിയ ഇവരെ തീരത്തുണ്ടായിരുന്ന ലൈഫ്​ ഗാർഡ്​ അനിൽകുമാർ രക്ഷപ്പെടുത്തി. നീണ്ടകരയിൽ ​ഹാർബറിലേക്ക്​ വരുകയായിരുന്ന ഉണ്ണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ട്​ തിരയിൽപെട്ട്​ നാലു​ മത്സ്യത്തൊഴിലാളികൾ കടലിൽ വീണു. ഇവരെ മറ്റ്​ ബോട്ടുകളിലെ ജീവനക്കാർ​ രക്ഷപ്പെടുത്തി​. കാലാവസ്ഥ മോശമാണെന്നും മത്സ്യബന്ധനത്തിനു പോകരുതെന്നും ഞായറാഴ്ച ഉച്ചമുതൽ ​തീരദേശ പൊലീസും ഫിഷറീസ്​ വകുപ്പും മുന്നറിയിപ്പ്​ നൽകിയിരുന്നു. എന്നാൽ, ട്രോളിങ്​ നിയന്ത്രണം ഞായറാഴ്ച അർധരാത്രി അവസാനിച്ചതോടെ ജില്ലയിലെ തുറമുഖങ്ങളിൽനിന്ന്​ 70 ശതമാനത്തോളം ബോട്ടുകൾ കടലിൽ പോവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.