പത്തനാപുരത്ത് അട്ടിമറി സാധ്യത തള്ളാതെ രഹസ്യാന്വേഷണവിഭാഗം

പത്തനാപുരം: എൽ.ഡി.എഫിൽ പോരാട്ടവീര്യം ശക്തമായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആത്മവിശ്വാസം ചോർന്നെന്ന് റിപ്പോർട്ടുകൾ. എട്ട് പഞ്ചായത്തിലും യു.ഡി. എഫ് തികഞ്ഞ ആത്മവിശ്വാസം വെച്ചുപുലർത്തുമ്പോൾ നേരിയ ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി. കഴിഞ്ഞ അഞ്ച് തവണയായി പത്തനാപുരത്തുനിന്ന് വിജയിച്ച കെ.ബി. ഗണേഷ്‌കുമാർ ഇത്തവണ കടുത്ത വെല്ലുവിളിയാണ് നേരിട്ടത്. വിവാദങ്ങളുടെ മുൾമുനയിൽനിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ഗണേഷ്‌കുമാറിന് വിധി എഴുതാൻ ഭാര്യ ബിന്ദുവും എത്തിയിരുന്നില്ല. നിയോജക മണ്ഡലത്തിലെ എട്ടിൽ ആറ് പഞ്ചായത്തിലും കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പിൽ നേടിയ മിന്നുംവിജയത്തിന്റെ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് പോരാട്ടത്തിനിറങ്ങിയത്.

വിജയം ആവർത്തിക്കുമെന്ന് കെ.ബി. ഗണേഷ്‌കുമാർ പറയുമ്പോൾ, അഞ്ചക്ക സംഖ്യയോടെ അട്ടിമറി വിജയം നേടുമെന്നാണ് ജ്യോതികുമാർ ചാമക്കാല പറയുന്നത്. എൻ. എസ്.എസ് താലൂക്ക് യൂനിയനുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങൾ എൽ.ഡി.എഫിന് കടുത്ത വെല്ലുവിളിയായെന്നും ഇടത് കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നു. നേരിയ ഭൂരിപക്ഷം മാത്രം ഇടത് ക്യാമ്പുകൾ അവകാശപ്പെടുമ്പോൾ അത്‌ വിജയ സാധ്യതയെപ്പോലും മങ്ങലേൽപ്പിക്കുന്നതാണ്.

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും, ഉമ്മൻ ‌ചാണ്ടി വികാരവും ഇത്തവണ ഗണേഷ്‌കുമാറിന് തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ പോയതും തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. കിഴക്കൻ മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമവും, വന്യ ജീവി ആക്രമണവുമെല്ലാം വോട്ടായി പ്രതിഫലിച്ചുവെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. പത്തനാപുരത്തെ വിജയം പ്രവചനാതീതമെന്ന് സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് ചെയ്യുന്നു. ഏഴായിരം വോട്ട് മുതൽ യു.ഡി.എഫ് കേന്ദ്രങ്ങൾ കണക്കുകൂട്ടുമ്പോൾ, നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും വിജയിക്കുമെന്നാണ് ഇടതുകേന്ദ്രങ്ങൾ പറയുന്നത്.

Tags:    
News Summary - Intelligence department does not rule out possibility of coup in Pathanapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.