തൊഴിലുറപ്പിൽ വിവേചനത്തിനെതിരെ പഞ്ചായത്തംഗത്തിന്‍റെ ഒറ്റയാൻ സമരം

അഞ്ചൽ: തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ തന്‍റെ വാർഡിനെ അവഗണിക്കുന്നതായി ആരോപിച്ച്​ അഞ്ചൽ ഗ്രാമപഞ്ചായത്തിലെ ഏറം പത്തൊമ്പതാം വാർഡ് പ്രതിനിധി ഏറം സന്തോഷ് തൊഴിലുറപ്പ് പദ്ധതി ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പുതിയ സാമ്പത്തികവര്‍ഷം ആരംഭിച്ച്​ മാസങ്ങള്‍ കഴിഞ്ഞിട്ടും തന്‍റെ വാര്‍ഡില്‍ ഒരുദിവസത്തെ തൊഴിൽപോലും നടത്താന്‍ ബന്ധപ്പെട്ടവർ നടപടി എടുക്കുന്നില്ലെന്നും, പലതവണ ആവശ്യപ്പെട്ടിട്ടും ഒരുവിധ നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകാതെ വന്നതോടെയാണ് ‌സമരം നടത്താൻ നിർബന്ധിതനായതെന്നും സന്തോഷ് പറഞ്ഞു. ഓഫിസിലുള്ളവരെ പുറത്തേക്കോ, പുറത്തുള്ളവരെ അകത്തേക്കോ കടത്തിവിടാത്ത രീതിയില്‍ ഓഫിസ് വാതിലിന്​ മുന്നില്‍ കസേരയിട്ടാണ്‌ ഉപരോധിച്ചത്. വിവരമറിഞ്ഞ് മറ്റ് കോണ്‍ഗ്രസ് ജനപ്രതിനിധികളും നേതാക്കളും പിന്തുണയുമായെത്തി. തുടർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെത്തി ചർച്ച നടത്തുകയും പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാക്കാമെന്നുള്ള ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു. ചിത്രം. തൊഴിലുറപ്പ് പദ്ധതിയിൽ വിവേചനം നടത്തുന്നതായി ആരോപിച്ച്​ ഗ്രാമപഞ്ചായത്തംഗം അഞ്ചൽ തൊഴിലുറപ്പ് പദ്ധതി ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് ഉപരോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.