ഡോക്ടറുടെ കൃത്യവിലോപം ചൂണ്ടിക്കാട്ടിയ പഞ്ചായത്തംഗത്തെ അധിക്ഷേപിച്ചതായി പരാതി

കൊട്ടാരക്കര: ഡോക്ടറുടെ കൃത്യവിലോപം ചൂണ്ടികാട്ടിയ പഞ്ചായത്ത് അംഗത്തെ അധിക്ഷേപിച്ചതായി പരാതി. ഉമ്മന്നൂർ പഞ്ചായത്ത് വടകോട് വാർഡ് മെമ്പറും ഉമ്മന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രം എച്ച്.എം.സി ചെയർ പേഴ്സണുമായ ബിന്ദു പ്രകാശാണ്​ പരാതി നൽകിയത്​. ഉമ്മന്നൂർ പഞ്ചായത്തിലെ ആർദ്രം പദ്ധതി പ്രകാരം നിയമിതയായ ഡോക്ടർക്കെതിരെയാണ്​ ആക്ഷേപം. ഞായറാഴ്ച രാവിലെ 10.30നാണ് സംഭവം. പരിസ്​ഥിതി ദിനാചരണത്തി‍ൻെറ ഭാഗമായുള്ള ചടങ്ങിന് പി.എച്ച്.സിയിൽ എത്തിയതായിരുന്നു പഞ്ചായത്തംഗം. ചികിത്സക്കായി കാത്തുനിന്ന മുപ്പതോളം രോഗികൾ പി.എച്ച്.സിയിൽ ഡോക്ടർക്കായി കാത്തുനിൽക്കുകയായിരുന്നു. ഒമ്പതിന്​ തുടങ്ങേണ്ട ഒ.പിയിൽ 10 കഴിഞ്ഞിട്ടും ഡോക്ടർ എത്തിയിരുന്നില്ല. 10.25 ന് എത്തിയ ഡോക്ടറോട് വൈകി വന്നതിനെ കുറിച്ച് സംസാരിക്കവെ പഞ്ചായത്തംഗത്തോട് മോശമായി സംസാരിക്കുകയായിരുന്നു. ഡോക്ടറെ ഇവിടെ നിയമിച്ചിട്ട് 15 ദിവസം മാത്രമേ ആയിട്ടുള്ളൂ. രോഗികളോടും മറ്റ് ജീവനക്കാരോടും മോശമായാണ് പെരുമാറുന്നതെന്ന ആക്ഷേപവും ഡോക്ടർക്കെതിരെയുണ്ട്. പഞ്ചായത്തംഗത്തി‍ൻെറ പരാതിയിൽ ജില്ല മെഡിക്കൽ ഓഫിസർ പി.എച്ച്.സി മെഡിക്കൽ ഓഫിസറോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് ഉടൻ നൽകുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. രോഹൻ രാജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.