റെയിൽവേ ഭൂമിയിൽ കൃഷി ചെയ്ത വയോധികനെ കസ്റ്റഡിയിലെടുത്തു

പുനലൂർ: റെയിൽവേ ഭൂമിയിൽ കൃഷി ചെയ്യവേ വയോധികനെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. റിട്ട. റെയിൽവേ ജീവനക്കാരൻ ഇടപ്പാളയം സ്വദേശി ബാഹുലേയനെ (72) യാണ് ചെങ്കോട്ട റെയിൽവേ പൊലീസ് പിടിച്ചുകൊണ്ടുപോയത്. വ്യാഴാഴ്ച ഉച്ചക്ക്​ രണ്ടുമണിയോടെയാണ് സംഭവം. 20 വർഷമായി കൈവശത്തിലുള്ള ഭൂമിയിൽ മറ്റ് കൃഷികൾക്കൊപ്പം കുരുമുളക് തൈ നടുമ്പോഴാണ് പൊലീസെത്തി കർഷകനെ പിടികൂടിയത്. പുനലൂർ-ചെങ്കോട്ട പാതയിൽ ഇടമണ്ണിനും കോട്ടവാസലിനുമിടക്ക് നൂറു കണക്കിനാളുകൾ റെയിൽവേ പുറമ്പോക്ക് കൈവശം വെച്ച് വീട്​ നിർമിച്ചും കൃഷി ചെയ്തും താമസിക്കുന്നുണ്ട്. വർഷങ്ങളായുള്ള ഈ കുടുംബങ്ങളെ ഒഴിപ്പിക്കാൻ റെയിൽവേ നടപടി സ്വീകരിക്കാറുണ്ട്. ഇതിനെതിരെ പ്രതിഷേധമുണ്ടാകുന്നതോടെ ഒഴിപ്പിക്കൽ റെയിൽവേ നിർത്തിവെക്കും. അവസാനമായി ആറു മാസം മുമ്പ് ഒഴിപ്പിക്കലിന് റെയിൽവേ തയാറായപ്പോൾ സംസ്ഥാന റവന്യൂ മന്ത്രി ഇടപെട്ടു. പുറമ്പോക്ക് ഭൂമി സംബന്ധിച്ച് സംയുക്ത സർവേ നടത്തി ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വ്യക്തത വരുത്തുന്നതുവരെ ഒഴിപ്പിക്കലടക്കമുള്ള നടപടികൾ നിർത്തിവെക്കാൻ റെയിൽവേക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതിന്​ വിരുദ്ധമായാണ് കൃഷി ചെയ്യുന്നവരെ പോലും പൊലീസ് പിടിക്കുന്നതെന്ന ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.