കൊല്ലം: പാട്ടുപാടി, ആഹ്ലാദനൃത്തം ചവിട്ടി സ്കൂൾ മുറ്റങ്ങളിൽ ആരവം നിറച്ച് പ്രവേശനോത്സവം. നാടൊന്നിച്ച് കുട്ടികളെ വരവേൽക്കാൻ വിദ്യാലയ പടിവാതിക്കലേക്കെത്തിയതോടെ ചരിത്രത്തിലെങ്ങും കാണാത്തവിധം അതിഗംഭീരമായി അധ്യയന വർഷത്തെ ആദ്യദിനം. കോവിഡ് മഹാമാരിയുടെ നീരാളിപ്പിടിത്തത്തിൽ വീടിനുള്ളിലേക്ക് ചുരുങ്ങിയ സ്കൂൾ കാലം രണ്ട് വർഷത്തിനു ശേഷം പൂർണതോതിൽ തിരികെയെത്തിയപ്പോൾ ഉത്സവത്തിമിർപ്പാണ് എവിടെയും ദൃശ്യമായത്. പുത്തനുടുപ്പണിഞ്ഞ് ആദ്യമായി അക്ഷരമുറ്റത്തെത്തിയവരും തുടർപഠനം നടത്തുന്ന കുട്ടികൾക്കും ഓർമകളിൽ മായാത്ത വർണക്കാഴ്ചകളാണ് പ്രവേശനോത്സവം സമ്മാനിച്ചത്. വർണാഭമായി അണിഞ്ഞൊരുങ്ങിയ ഓരോ സ്കൂളിലും വിദ്യാർഥികളെ വരവേൽക്കാൻ എല്ലാവരും തോളോട് തോൾ ചേർന്നു. മധുരം നൽകി വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുട്ടികളെ സ്കൂൾ മുറികളിലേക്ക് ആനയിച്ചു. കൊടിതോരണങ്ങളാൽ അലങ്കൃതമായ സ്കൂൾ മുറ്റങ്ങളിൽ വിദ്യാർഥികൾ ആഹ്ലാദ നൃത്തം ചവിട്ടി. മഴ മാറിനിന്ന അന്തരീക്ഷത്തിൽ ഓരോ വിദ്യാലയത്തിലും പ്രവേശനോത്സവം ഗംഭീരമായി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് എല്ലാ സജ്ജീകരണവും ഒരുക്കി അധ്യാപകരും കൂടെ രക്ഷാകർത്താക്കളും അണിനിരന്നതോടെ പുതിയ അധ്യയന വർഷം കൊട്ടിക്കയറി. സ്കൂളിനു പുറത്ത് പഴുതടച്ച സുരക്ഷ ഒരുക്കി പൊലീസിന്‍റെ നേതൃത്വത്തിൽ വിവിധ സേനകൾ അണിനിരന്നു. റോഡ് മുറിച്ചു കടക്കാനും സുരക്ഷിതമായ വാഹനയാത്രക്കും ഓരോ പോയന്‍റിലും പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നു. സ്റ്റുഡന്‍റ് പൊലീസും വിദ്യാർഥികൾക്ക് കൂട്ടായെത്തി. പൊതുവിദ്യാലയങ്ങളുടെ മികവ് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നു -മന്ത്രി കെ.എന്‍. ബാലഗോപാല്‍ കൊല്ലം: അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചതും പഠന രീതിയിലെ ഗുണകരമായ മാറ്റവും പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതായി മന്ത്രി കെ.എൻ. ബാലഗോപാല്‍ പറഞ്ഞു. പ്രവേശനോത്സവത്തിന്‍റെ ജില്ലതല ഉദ്ഘാടനം മുട്ടറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധികള്‍ക്കു ശേഷം സ്‌കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസ മേഖലയില്‍ വലിയ ഉണര്‍വാണ് ഉണ്ടാക്കിയത്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്ന പ്രവണതയാണ് പൊതുവേ കാണുന്നത്. എല്ലായിടത്തും മികച്ച സൗകര്യങ്ങളുള്ള സ്‌കൂളുകള്‍ സജ്ജീകരിക്കുന്നതിനും എല്ലാ വിദ്യാർഥികള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനുമുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍ അധ്യക്ഷതവഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യാതിഥിയായി. കലക്ടര്‍ അഫ്സാന പര്‍വീണ്‍ പ്രവേശനോത്സവ സന്ദേശം നല്‍കി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമലാല്‍ ചൈല്‍ഡ് ലൈന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ സമിതി അധ്യക്ഷൻ പി.കെ. ഗോപന്‍ കിഡ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം ജയശ്രീ വാസുദേവന്‍ 'എന്‍റെ ചിത്രം, എന്‍റെ നോട്ട് ബുക്ക്' പ്രകാശനം ചെയ്തു. എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസര്‍ ജി.കെ. ഹരികുമാര്‍ പഠനോപകരണം വിതരണം നടത്തി. കോർപറേഷന്‍ പരിധിയിലുള്ള വിദ്യാലയങ്ങളിലെ പ്രവേശനോത്സവം കോയിക്കല്‍ ഗവ. എച്ച്.എസ്.എസില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. കായിക-വിദ്യാഭ്യാസ സമിതി അധ്യക്ഷ സവിതാ ദേവി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.