ജനാധിപത്യം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം - ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കൊല്ലം: അധികാര വികേന്ദ്രീകരണം പരമാവധി പ്രയോജനപ്പെടുത്തി ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ ശ്രമങ്ങള്‍ മാതൃകാപരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍, കേരള യൂനിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആൻഡ്​ ടെക്നോളജി എന്നിവ ചേർന്ന് സംഘടിപ്പിച്ച 'അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിര്‍വഹണവും' സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയ ജനപ്രതിനിധികള്‍ക്കുള്ള അവാര്‍ഡ് ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളെ ശാക്തീകരിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. മൂന്നു വലിയ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ ഒരു പഠന സംരംഭത്തിനായി ഒത്തുചേരുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. പ്രായ-ലിംഗ ഭേദമെന്യേ ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രദാനം ചെയ്യുകയാണ് ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആറു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നൂതനമായ ചുവടുവെപ്പാണെന്നും ഭരണനിര്‍വഹണത്തില്‍ ഇതു മുതല്‍ക്കൂട്ടാവുമെന്നും മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ഗവര്‍ണര്‍ കോണ്‍വൊക്കേഷന്‍ രജിസ്റ്ററില്‍ ഒപ്പുവെച്ചു. കോണ്‍വൊക്കേഷന്‍ നോട്ട് ജനപ്രതിനിധികള്‍ ഏറ്റുചൊല്ലി. കേരള യൂനിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്‍ഡ് ടെക്‌നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ശ്രീനാരായണ ഓപണ്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പി.എം. മുബാറക് പാഷ, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമൺ എന്നിവർ സംസാരിച്ചു. വ്യാജ നറുക്കെടുപ്പിനെതിരെ നടപടി കൊല്ലം: വസ്തു സമ്മാനമായി നല്‍കുമെന്ന് വാഗ്ദാനം നല്‍കി കുണ്ടറയില്‍ വ്യാജ കൂപ്പണ്‍ നറുക്കെടുപ്പ് നടത്തിയ സ്വകാര്യ വ്യക്തിക്കെതിരെ നടപടി സ്വീകരിച്ചതായി ജില്ല ഭാഗ്യക്കുറി ഓഫിസര്‍ കെ. സലീനബീവി അറിയിച്ചു. നിയമപ്രകാരം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മാത്രമാണ് ലോട്ടറി നറുക്കെടുപ്പ് നടത്തുവാന്‍ അധികാരമുള്ളത്. വ്യക്തികള്‍ അനധികൃതമായി നറുക്കെടുപ്പ് നടത്തുന്നത് ഒരു മാസം തടവോ, പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണം. ഫോണ്‍ : 0474 2746414, ടോള്‍ ഫ്രീ നമ്പര്‍ : 18004258474

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.