നാടിന്​ ആഘോഷമായി മുഖത്തല ഉത്സവം

കൊട്ടിയം: . 10ാം ഉത്സവ ആഘോഷപ്പൊലിമയിൽ മുഖത്തല ശ്രീകൃഷ്ണന് വർണാഭമായ എഴുന്നള്ളത്ത്. വൻ ജനാവലിയാണ് മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയത്. ക്ഷേത്രവും പരിസരവും ഭക്തജനങ്ങളെകൊണ്ട് നിറഞ്ഞിരുന്നു. രാവിലെ മുതൽ ഇടവിട്ട് പെയ്ത മഴ ഉച്ചക്ക്​ ശേഷം മൂന്നോടെ പിൻവാങ്ങിയതോടെ നാടിന്‍റെ മുക്കിലും മൂലയിലും അണിഞ്ഞൊരുങ്ങിയ കെട്ടുകാഴ്ചകൾ ക്ഷേത്രസന്നിധിയിലേക്ക് നീങ്ങി. ആടിയും പാടിയും ജനക്കൂട്ടം വീഥികൾ നിറഞ്ഞു നീങ്ങി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ഗജവീരന്മാർ അലങ്കാര ചമയങ്ങളണിഞ്ഞ് വാദ്യഘോഷങ്ങളുടെ തലയെടുപ്പോടെ നീങ്ങി. കിഴക്കേനടയിലെ ആനക്കൊട്ടിലിൽ ഉത്സവക്കാഴ്ചകൾ കണ്ട് മുഖത്തലക്കണ്ണൻ എഴുന്നള്ളിയെത്തി. നേർച്ച ആനകളും കെട്ടുകാഴ്ചകളും എത്തി വണങ്ങി മാറിയതോടെയായിരുന്നു ആചാരപരമായ ആറാട്ടെഴുന്നള്ളത്ത്. ആന പന്തൽ വിട്ടിറങ്ങിയ ദേവന്‍റെ തിടമ്പേറ്റിയ ഗജവീരനും കൂട്ടാനകൾക്കും നേർച്ചയായെത്തിയ ആനകൾ അകമ്പടിയായി. ആറാട്ടിന് ശേഷം രാത്രി ഒന്നരയോടെയാണ് തിരിച്ചെഴുന്നള്ളത്ത് നടന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.